റിജാസ്, മഹബൂബാഷ ഫാറൂഖ്

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: ഓൺലൈൻ ഓഹരി വിൽപനയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് 4.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അറക്കപ്പടിയിലെ റിജാസ് (41), തമിഴ്‌നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെളളിയാഴ്ച തള്ളിയത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ആഗസ്റ്റ് ഒമ്പതിന് ചെന്നൈയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അപ് സ്റ്റോക്ക് കമ്പനിയുടെ വെൽത്ത് പ്രൊഫിറ്റ് പ്ലാൻ സ്‌കീമിലൂടെ വൻ തുകലാഭം വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. 2025 എപ്രിൽ 17 മുതൽ ജൂൺ 12 വരെയാണ് തുക നിക്ഷേപിച്ചത്. നിക്ഷേത്തിന് 600 മുതൽ 800 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തത്.

മൂന്നാം പ്രതി സൈനുൽ ആബിദിന്റെ നിർദേശ പ്രകാരം അറസ്റ്റിലായ രണ്ടു പ്രതികൾ സെന്തിൽകുമാർ എന്നയാളിന്റെ പേരിൽ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജൂൺ 11,12 തീയതികളിൽ 40 ലക്ഷം രൂപ സെന്തിൽകുമാറിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. അന്നു തന്നെ തുക പിൻവലിച്ചു. ഇത്തരത്തിൽ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്.

തലശ്ശേരി ഡോക്ടേഴ്സ് കോ-ഓപ് സൊസൈറ്റിയുടെ അക്കൗണ്ടിൽനിന്ന് വിവിധ കാലയളവിൽ ഒന്നരക്കോടിയോളം രൂപ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. 4.43 കോടി രൂപയുടെ തട്ടിപ്പിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ എതിർത്തു. മട്ടന്നൂർ ചാവശ്ശേരിയിലെ ഡോക്ടർ ഗോപിനാഥിന്റെ പരാതിയിലാണ് കേസ്.സർക്കാർ സർവിസിൽനിന്ന് വിരമിച്ച ശേഷം ലഭിച്ച തുകയും ഭാര്യയുടെ സ്വർണം പണയം വെച്ചും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടം വാങ്ങിയുമാണ് തുക നിക്ഷേപിച്ചതെന്നാണ് പരാതി.

ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകും -പ്രോസിക്യൂഷൻ

നാട്ടിൽ സാമ്പത്തിക കുറ്റകൃത്യം പെരുകുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുകയെന്ന് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ കോടതിയിൽ വാദിച്ചു. 4.43 കോടി രൂപയുടെ തട്ടിപ്പിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമേ വെളിച്ചത്തു വന്നിട്ടുള്ള. കേസിൽ പൊലീസിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.

കോടികളുടെ തട്ടിപ്പായതിനാൽ കേസിൽ കൂടുതൽ പ്രതികളുണ്ടായേക്കാം. ഓൺലൈൻ ഓഹരി വിൽപനയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതിനാൽ നിലവിലുള്ള പ്രതികൾക്ക് ഒരു തരത്തിലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Tags:    
News Summary - Online trading fraud: Bail application of two accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.