എൻ. പ്രമോദ്
തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിലെ കൂനത്ത് താമസിക്കുന്ന എൻ. പ്രമോദ് ജീവൻ തിരിച്ചു പിടിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
കുറുമാത്തൂർ പഞ്ചായത്തിലെ കൂനത്ത് താമസിക്കുന്ന എൻ. പ്രമോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. പാട്ട് വണ്ടിയിലൂടെ പാട്ട് പാടിയാണ് ഇത്തവണ ചികിത്സാധന സമാഹരണം നടത്തുന്നത്.
ഹൃദയസംബന്ധമായ അസുഖവും പക്ഷാഘാതവും തളർത്തിയ ശരീരവുമായി കഴിഞ്ഞ മൂന്ന് മാസത്തിലധികമായി പ്രമോദ് മംഗളുരുവിലെ യേനപ്പോയ മെഡിക്കൽ കോളജിൽ കഴിയുകയാണ്.
ജീവിതത്തിലേക്ക് തിരിച്ചു വരാൻ 20 ലക്ഷത്തിലധികം ചെലവു വരുന്ന ഒരു മേജർ ഓപറേഷൻ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കൂലിപ്പണി കൊണ്ട് ഉപജീവനം നടത്തുന്ന പ്രമോദിന് രണ്ടു പിഞ്ചു മക്കളും ഭാര്യയും പ്രായമായ അമ്മയുമാണുള്ളത്. ഇതിനകം ചികിത്സക്കായി വലിയ തുക ചെലവായിക്കഴിഞ്ഞു.
തുടർ ചികിത്സക്ക് ആവശ്യമായ വലിയ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് ടി.കെ. രാമചന്ദ്രൻ ചെയർമാനും സി.വി. പ്രശാന്ത് കൺവീനറുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്. പല വഴികളിലായി ചികിത്സ ധനസമാഹരണം നടത്തിയത്തിലൂടെ 14 ലക്ഷം രൂപ സമാഹരിച്ചിരുന്നു.
ഇനിയും ആറു ലക്ഷത്തോളം രൂപ ആവശ്യമാണ്. അതിനായി അഞ്ച് ദിവസമായി പാട്ട് വണ്ടിയുമായി വിവിധ ഇടങ്ങളിൽ ഓടുകയാണ്. തളിപ്പറമ്പിൽ കൊച്ചു ഗായിക വരലക്ഷ്മി, പി. റെജി, ജി. ബിജി, പ്രവിജ ഷൈജു, അഷറഫ്, ഷൻമുഖൻ, രാജു മാവിലാംപാറ, നാരായണൻ മുയ്യം എന്നീ ഗായകരുടെ നേതൃത്വത്തിൽ പാട്ട് പാടിയിരുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ എല്ലാരും നല്ല സഹകരണമാണ് നൽകുന്നതെന്ന് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരം:
SINDHU C.S
A/C NO : 278001000004655
IFSC : IOBA0002780
BRANCH : TALIPARAMBA
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.