വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചവർക്കെതിരെ കേസ്

തളിപ്പറമ്പ്: കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദിച്ച രണ്ട് വിദ്യാർഥികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. സർ സയ്യിദ് കോളജ് വിദ്യാർഥി ചിറക്കൽ കാട്ടാമ്പള്ളി പഴയ റോഡ് സ്വദേശി കണ്ടത്തിൽ ഹൗസിൽ മുഹമ്മദ്ഷാസിന്റെ (18) പരാതിയിലാണ് കോളജിലെ രണ്ടാം വർഷ ബി.എസ്‌ സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന ഫഹീസ് ഉമ്മർ, ബാസിൽ എന്നിവരുടെ പേരിൽ കേസെടുത്തത്. റാഗിങ്ങിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾ കോടതി ഉത്തരവുമായി പരീക്ഷയെഴുതാനെത്തി ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായാണ് പരാതി.

സർ സയ്യിദ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒന്നാം വർഷ ബി.കോം വിദ്യാർഥിയാണ് മർദനമേറ്റ മുഹമ്മദ് ഷാസ്. വാഹനത്തിൽ കോളജിൽ വന്നുവെന്ന കാരണം പറഞ്ഞു മർദിച്ചെന്നാണു പരാതി. തിങ്കളാഴ്ചയായിരുന്നു മർദനം. കഴിഞ്ഞ ജൂൺ 19ന് സർ സയ്യിദ് ഇൻസ്റ്റ‌ിറ്റ്യൂട്ടിലെ റാഗിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ രണ്ടാം വർഷ വിദ്യാർഥികൾ തമ്മിൽ കോളജിന് സമീപത്ത് ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന നാല് വിദ്യാർഥികൾക്ക് അന്ന് സാരമായ പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കോളജ് അധ്യാപക കൗൺസിൽ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരോട് ടിസി വാങ്ങി പോകാനും ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ ഹൈകോടതിയിൽനിന്ന് താൽക്കാലിക ഉത്തരവ് നേടിയാണ് ഇവർ കഴിഞ്ഞ ദിവസം കോളജിലെത്തിയത്. ഫഹീസ് ഉമ്മർ തിങ്കളാഴ്ച രാവിലെ 11.30ന് ഒന്നാം വർഷ വിദ്യാർഥിയെ ഫോണിൽ വിളിച്ച് കോളജിന് അടുത്തുള്ള ഫുട്ബാൾ ടർഫിന് സമീപത്തേക്കു വരാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി വാതിലുകൾ അടച്ച് ഇയാളും ബാസിലും ചേർന്ന് ബെൽറ്റ്, ടെലി ഫോൺ ചാർജർ എന്നിവ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുവെന്നുവെന്ന് പരാതിയിൽ പറയുന്നു. സംഘർഷമുണ്ടാക്കരുത് എന്ന നിബന്ധനയിലാണ് വിദ്യാർഥികളെ പരീക്ഷ എഴുതാൻ കോടതി അനുവദിച്ചതെന്നും വ്യവസ്ഥ ലംഘിച്ചത് കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്നും കോളജ് അധികൃതർ പറഞ്ഞു. മർദനമേറ്റ വിദ്യാർഥി ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - Case filed against those who kidnapped and beat a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.