ഷാജി
തളിപ്പറമ്പ്: നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്ഷൻ ക്ലർക്ക് വി.വി. ഷാജിയെ തദ്ദേശ ജോ. ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26ന് നഗരസഭ ചെയർപേഴ്സൻ മുൻകൂർ അനുമതി നൽകിയിരുന്നു.
മുൻകൂർ അനുമതി നൽകിയ വിഷയങ്ങൾ തൊട്ടടുത്ത് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരുവർഷം കഴിഞ്ഞിട്ടും കൗൺസിലിന്റെ ശ്രദ്ധയിൽനിന്ന് മറച്ചുവെച്ചു. വിവരാവകാശ പ്രകാരം ഫയൽ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകൾ പുറത്തുവരുന്നത്. 2025 മേയ് 22ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്.
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ ഉറപ്പുനൽകി. 2025 ജൂലൈ 27ന് ചേർന്ന സ്റ്റീയറിങ് കമ്മിറ്റി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ആറുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിർത്തുകയായിരുന്നെന്നും ആക്ഷേപമുയർന്നു. കൗൺസിൽ യോഗങ്ങളിൽ പ്രശ്നം രൂക്ഷമാകുന്നതുകൊണ്ട് കൗൺസിൽ യോഗം ചേരുന്നതുപോലും നീട്ടിക്കൊണ്ടുപോയതായും പ്രതിപക്ഷം ആരോപിച്ചു.
നഗരസഭ കൗൺസിലർ സി.വി. ഗിരീശൻ വിഷയം സംബന്ധിച്ച് ജോ. ഡയറക്ടർക്ക് പരാതി നൽകുകയും പരാതിയിന്മേൽ ജെ.ഡി നഗരസഭ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തുകയും റിപ്പോർട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് (തിരുവനന്തപുരം) നൽകുകയും ചെയ്തു.
ഇതോടെ ഈ വിഷയത്തിൽ ഭരണപക്ഷത്തിലെ പ്രമുഖർക്കുകൂടി പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഈ ഉദ്യോഗസ്ഥനും മറ്റുമുള്ളവരും നടത്തിയ ക്രമക്കേടുകൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡന്റാണ് വി.വി. ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.