ഗാർഹിക പീഡനം: മൂന്നുപേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഭര്‍ത്താവിന്റെ മരണശേഷം യുവതിയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയും അതിക്രമം കാട്ടുകയും ചെയ്ത ഭര്‍തൃപിതാവ് ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മലപ്പട്ടത്തെ ചന്ദ്രത്തില്‍ ഭാസ്‌കരന്‍ (70), മകന്‍ കെ.വി. പ്രവീണ്‍ (40), മകളുടെ ഭര്‍ത്താവ് കെ.വി. പ്രമോദ് (40) എന്നിവരെയാണ് മയ്യില്‍ പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റ് ചെയ്തത്. ഭാസ്‌കരന്റെ മരിച്ചുപോയ മകന്‍ പ്രമോദ് കുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

കുടക് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍തൃബന്ധുക്കള്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

2020 മാര്‍ച്ച് 15ന് കുടകിലെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു യുവതിയെ പ്രമോദ്കുമാര്‍ വിവാഹം കഴിച്ചത്. ഒരുവര്‍ഷവും 13 ദിവസവും കഴിഞ്ഞ് പ്രമോദ്കുമാര്‍ മരിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ സ്ത്രീധനമായി 30 പവന്‍ ഭര്‍തൃപിതാവ് കൈപ്പറ്റിയിരുന്നുവത്രെ. ഈ സ്വര്‍ണം ഉപയോഗിച്ച് ഏഴു മുറികളുള്ള വ്യാപാരസ്ഥാപനം നിര്‍മിച്ചെങ്കിലും ഭര്‍ത്താവിന്റെ മരണത്തോടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് നിരന്തരം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.

2013ല്‍ പ്രമോദ്കുമാറിന് പേസ്‌മേക്കര്‍ സ്ഥാപിച്ചുവെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിപ്പിക്കുകയും പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ഭര്‍തൃബന്ധുക്കള്‍ ബോധപൂർവം ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    
News Summary - Three arrested in Domestic violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.