ശ്രീകണ്ഠപുരം: 22 വർഷത്തിനുശേഷം പയ്യാവൂർ പഞ്ചായത്ത് പിടിച്ചെടുത്തതിന്‍റെ കരുത്തിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1998ൽ കോൺഗ്രസ് തമ്മിലടിയെ തുടർന്ന് എ ഗ്രൂപ്പിന്‍റെ പിന്തുണയോടെ സി.പി.എമ്മിലെ ടി.എം. ജോഷി നാമമാത്ര കാലം പ്രസിഡന്‍റായതിനുശേഷം പിന്നീട് കഴിഞ്ഞ അഞ്ചുവർഷം ഇടതുപക്ഷം ഭരിച്ചു. ഭരണം നിലനിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. ശക്തികേന്ദ്രമായ പഞ്ചായത്ത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്.
നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീത സുരേഷിനെ പ്രസിഡന്‍റ് സ്ഥാനത്തേക്കും നിലവിലെ പ്രസിഡന്‍റ് സാജു സേവ്യറിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പരിഗണിച്ചാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിന്ധു ബെന്നി, വത്സല സാജു എന്നിവരെയാണ് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുക. മുൻ വൈസ് പ്രസിഡന്‍റ് ടി.പി. അഷ്റഫ് വീണ്ടും വൈസ് പ്രസിഡന്‍റാകാനും സാധ്യതയുണ്ട്. 14 വാർഡുകളിൽ ബി.ജെ.പിയും രണ്ട് വാർഡുകളിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നുണ്ട്. 17ാം വാർഡായ വഞ്ചിയത്ത് എൻ.ഡി.എക്ക് സ്ഥാനാർഥിയില്ല.
അഞ്ച് വാർഡുകളിലാണ് കോൺഗ്രസിന് ഇത്തവണ വിമത ഭീഷണിയുള്ളത്. ഇവിടെ സി.പി.എം മൂന്ന്, അഞ്ച് വാർഡുകളിൽ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസ് വിമതർക്ക് പിന്തുണ നൽകിയിട്ടുണ്ട്. ബി.ജെ.പി 17ാം വാർഡിലെ കോൺഗ്രസ് വിമതക്കും പിന്തുണ നൽകി. 11ാം വാർഡായ കണ്ടകശ്ശേരിയിൽ കോൺഗ്രസിന്‍റെ ജാൻസി ഷാജുവിനെതിരെ വിമതയായി സ്റ്റെല്ല ജോയിയാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസിന് നൽകിയ 15ാം വാർഡായ വണ്ണായിക്കടവിൽ കോൺഗ്രസിലെ ഒരു വിഭാഗം വിമത സ്ഥാനാർഥിയുമായി രംഗത്തുണ്ട്.
ടെൻസൺ ജോർജാണ് യു.ഡി.എഫ് സ്ഥാനാർഥി. റോസ് ലി ചാണ്ടിക്കൊല്ലിയാണ് വിമതനായുള്ളത്. ഭരണം കിട്ടിയാൽ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിന്ധു ബെന്നി മത്സരിക്കുന്ന അഞ്ചാം വാർഡായ ചതുരംപുഴയിൽ മേഴ്സി ഐസക്ക് വിമതയായുണ്ട്. ഇവിടെ സി.പി.എം സ്ഥാനാർഥിയായിരുന്ന ഷേർലി ജോഷി പത്രിക പിൻവലിച്ചു. എൽ.ഡി.എഫ് ഈ വാർഡിൽ മേഴ്സിയെ പിന്തുണക്കും. മൂന്നാം വാർഡായ ശാന്തിനഗറിലും സി.പി.എം സ്ഥാനാർഥി പത്രിക പിൻവലിച്ച് കോൺഗ്രസ് വിമതയായി മത്സരിക്കുന്ന ലിൻസി കുന്നേലിന് പിന്തുണ നൽകി. ആലീസ് കണ്ടംകരിയാണ് കോൺഗ്രസ് സ്ഥാനാർഥി. 17ാം വാർഡായ വഞ്ചിയത്ത് കോൺഗ്രസ് വിമതയായ സിനി ഷിബുവിനെ ബി.ജെ.പി പിന്തുണക്കും.
സിനി പുതുശ്ശേരിയാണ് കോൺഗ്രസ് സ്ഥാനാർഥി. സി.പി.എം -എട്ട്, എൽ.ഡി.എഫ് സ്വത -ഒന്ന്, കോൺഗ്രസ് -ആറ്, കേരള കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇത്തവണ യു.ഡി.എഫിൽ കോൺഗ്രസ് -16, കേരള കോൺഗ്രസ് -ഒന്ന്, എൽ.ഡി.എഫിൽ സി.പി.എം -12, സി.പി.ഐ -ഒന്ന്, ഇടത് സ്വതന്ത്രർ -നാല്, എൻ.ഡി.എയിൽ ബി.ജെ.പി -14, ബി.ഡി.ജെ.എസ് -രണ്ട് എന്നിങ്ങനെയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.