എങ്ങും കളിയാവേശം; വിപണിയിൽ 'കിക്കോഫർ'

ശ്രീകണ്ഠപുരം: ചരിത്രം വഴിമാറുകയും കണക്കുകൂട്ടലുകൾ തിരുത്തുകയും ചെയ്യുന്ന കാൽപന്തുകളിക്ക് അറേബ്യൻ മണ്ണിൽ വിസിൽ മുഴങ്ങാൻ ദിനങ്ങൾ മാത്രം അവശേഷിക്കെ, കിക്കോഫറുകളുമായി വിപണിയും സജീവം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കളിയാരാധകർ വീറുംവാശിയുമായി കൂറ്റൻ കട്ടൗട്ടുകളും ബാനറുകളുമൊരുക്കി മുന്നേറുന്നതിനിടെയാണ് ലോകകപ്പിന്റെ വീര്യം വിപണിയും ഉപയോഗിച്ചത്.

വഴിയോരങ്ങളും ചുവരുകളും ആകാശവുമെല്ലാം വിവിധ ടീമുകൾ കൈയടക്കിയ കാഴ്ച എല്ലായിടത്തുമുണ്ട്. ബോർഡുകളും കട്ടൗട്ടുകളും തയാറാക്കുന്നവരും പെയിൻറിങ്ങുകാരും കൊടിയൊരുക്കുന്നവരുമെല്ലാം നേരത്തേ മുതൽ തിരക്കിലാണ്. വിവിധ ടീമുകളുടെ ജഴ്സികൾ വ്യാപകമായി വിപണിയിലിറങ്ങിയിട്ടുണ്ട്. കുറഞ്ഞ വില മുതൽ കൂടിയ വിലയിലുള്ളവ വരെ ലഭ്യമാണ്.ഇലക്ട്രോണിക്സ് വ്യാപാര മേഖലയിലാണ് മറ്റൊരു വൻ കുതിപ്പ്.

ചെറുതും വലുതുമായ വിവിധ തരം സ്ക്രീനുകളും എൽ.സി.ഡിയും മറ്റ് അനുബന്ധ ഉപകരണങ്ങളുമെല്ലാം വമ്പിച്ച ഓഫറുകളോടെയാണ് വിൽപന നടത്തുന്നത്. 'കിക്കോഫർ' എന്ന ബോർഡും സ്ഥാപിച്ചതോടെ ഇലക്ട്രോണിക്സ് വില്പന കേന്ദ്രങ്ങളിൽ വലിയ തിരക്കുമനുഭവപ്പെടുന്നുണ്ട്. ഒന്നിച്ചിരുന്ന് കളി കാണാൻ നാട്ടിലെ പ്രധാന സ്ഥലങ്ങളിൽ വലിയ സ്ക്രീനുകളാണ് സ്ഥാപിക്കുന്നത്. മൊബൈൽ ഫോണുകളും കവറുകളും കളിയാവേശം വിതറുന്നതും ഇലക്ട്രോണിക്സ് വിപണിയെ സജീവമാക്കി.

ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ മുദ്ര പതിപ്പിച്ച മൊബൈൽഫോൺ കവറുകളാണ് വിപണിയിലെത്തിയത്. സ്വന്തം ടീമിന്റെ ചിത്രമടങ്ങിയ കവറുകൾക്കും ആവശ്യക്കാരേറെയാണ്. ഖത്തർ ലോകകപ്പ് ലോഗോ, രാജ്യങ്ങളുടെ പതാക, കളിക്കാരുടെ ചിത്രങ്ങൾ എന്നിവ ആലേഖനം ചെയ്തവയാണ് കവറുകൾ. ബ്രസീലിന്റെയും അർജന്റീനയുടെയും കവറുകൾക്കാണ് ആവശ്യക്കാരേറെയെന്ന് മൊബൈൽഫോൺ വ്യാപാരികൾ പറയുന്നു.

ജർമനി, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, പോർചുഗൽ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പേരിലുള്ള കവറുകൾ വിപണിയിൽ സജീവമാണ്. മെസ്സി, റൊണാൾഡോ, നെയ്മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുള്ള കവറുകളുമുണ്ട്. ഗുണമേന്മയുള്ള കവറുകൾക്ക് 200 രൂപക്കു മുകളിലാണ് വില. വിവിധ രാജ്യങ്ങളുടെ പതാകയുടെ നിറമുള്ള ചെരിപ്പുകൾ, ഇഷ്ട ടീമുകളുടെ തീമിലുള്ള കീ ചെയിനുകൾ തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ്.

Tags:    
News Summary - qatar world cup-Kickoffer in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.