എൽ.എസ്.എസ് തുക വിതരണം അവതാളത്തിൽ

ശ്രീകണ്ഠപുരം: വർഷംതോറും പരീക്ഷ നടത്തിയിട്ടും എൽ.എസ്.എസ് അർഹത നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക സർക്കാർ കൃത്യമായി നൽകുന്നില്ല. എൽ.എസ്.എസ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർഥികളിൽ പലർക്കും വർഷങ്ങൾ കഴിഞ്ഞിട്ടും സ്കോളർഷിപ് തുക കിട്ടാത്ത പരാതി ഏറെയാണ്. ജില്ലയിലും പുറത്തും നിരവധി വിദ്യാർഥികൾക്ക് ഇത്തരത്തിൽ തുക ലഭിക്കാനുണ്ട്. എൽ.പി വിഭാഗത്തിലാണ് എൽ.എസ്.എസ് പരീക്ഷ. എൽ.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്കോളർഷിപ്പായി നൽകേണ്ടത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതിൽ കൂടുതൽ തുക ചെലവാക്കിയിട്ടും അർഹതപ്പെട്ട സ്കോളർഷിപ് തുക ലഭിക്കുന്നില്ലെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്.

ഇരിക്കൂർ ഉപജില്ലയിലെ സ്കൂളിൽനിന്ന് 2017ൽ എൽ.എസ്.എസ് പരീക്ഷ പാസായ വിദ്യാർഥിക്കുപോലും ഇതുവരെ തുക ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് രക്ഷിതാവ് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ചില സ്കൂളുകൾക്ക് കൃത്യമായി സ്കോളർഷിപ് തുക ലഭിച്ചപ്പോഴാണ് മറ്റ് പല സ്കൂളുകൾക്കും തുക നൽകാത്തത്.

2017, 2019 വർഷങ്ങളിലെ സ്കോളർഷിപ് തുക ലഭിക്കാത്ത സ്കൂളുകളിൽ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെ തുക മാത്രം അനുവദിച്ച സ്ഥിതിയുമുണ്ട്. കുട്ടികൾ ഉയർന്ന ക്ലാസുകളിലെത്തിയിട്ടും പഴയ എൽ.എസ്.എസ് തുക ലഭ്യമാക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കുറച്ച് കുട്ടികൾ സ്കോളർഷിപ് നേടിയ സ്കൂളുകളിൽ മാത്രം തുക കൃത്യമായി നൽകിയപ്പോൾ കൂടുതൽ വിദ്യാർഥികൾ വിജയിച്ച പല സ്കൂളുകൾക്കും സ്കോളർഷിപ് തുക നൽകിയിട്ടില്ല. സർക്കാർ കൃത്യമായി ഫണ്ട് അനുവദിക്കാത്തതിനാലാണ് തുക വിതരണം മുടങ്ങിയതെന്നാണ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ വിശദീകരണം. ജില്ല വിദ്യാഭ്യാസ ഓഫിസറെ സമീപിച്ചപ്പോഴും, ഫണ്ട് ലഭ്യമാവാത്തതിനാലാണ് സ്കോളർഷിപ് മുടങ്ങിയതെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഒരു രക്ഷിതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.

വിഷയത്തിൽ പ്രധാനാധ്യാപകരും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റവും പരാതിയും വ്യാപകമാണ്. സ്കോളർഷിപ്പിന് അർഹരായ കുട്ടിയുടെ അക്കൗണ്ടിലേക്ക് മാത്രമേ തുക നൽകാവൂ എന്ന കർശന നിർദേശമുണ്ടായിട്ടും അത് ലംഘിച്ച് ഈ തുക സ്കൂളിന്റെ പേരിലുള്ള ട്രഷറി അക്കൗണ്ടിലും (ട്രഷറീസ് സേവിങ്സ് ബാങ്ക്) പ്രധാനാധ്യാപകരുടെ പേരിൽ എസ്.ബി.ഐയിലുള്ള അക്കൗണ്ടിലുമാണ് സർക്കാർ വർഷങ്ങളായി നൽകുന്നത്. ചിലപ്പോൾ മാത്രമാണ് വിദ്യാർഥികൾക്ക് നേരിട്ട് ലഭിക്കുന്നത്.

സ്കൂൾ അക്കൗണ്ടിൽ വരുന്ന തുക പിൻവലിച്ച് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് നൽകുന്നതിന് നൂലാമാലകൾ ഏറെയുണ്ട്. പലയിടത്തും ഇത്തരത്തിൽ പണം പിൻവലിക്കാൻ കാലതാമസം നേരിട്ടതിനാൽ മാർച്ച് മാസം തുക തിരികെ പിടിച്ച സംഭവവുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.