ത​ളി​പ്പ​റ​മ്പ്-​കൂ​ർ​ഗ് അ​തി​ർ​ത്തി റോ​ഡി​ൽ ഒ​ടു​വ​ള്ളി വ​ള​വി​ൽ

ക​ഴി​ഞ്ഞ ദി​വ​സം കു​ടു​ങ്ങി​യ ച​ര​ക്കു​ലോ​റി

ഇതുവഴി എങ്ങനെ വരും?..... വന്നാൽ കുടുങ്ങും!

ശ്രീകണ്ഠപുരം: ചരക്കുലോറിക്കാർക്ക് തലവേദനയായി ഒടുവള്ളി വളവ്. തളിപ്പറമ്പ്-കൂർഗ് അതിർത്തി റോഡിലെ ഒടുവള്ളി ഹെയർപിൻ വളവിലാണ് ചരക്കുലോറികൾ കുടുങ്ങി ഗതാഗതം മുടങ്ങുന്നത്. ലോറികൾ വീഴുന്നതോടെ മറ്റ് നിരവധി വാഹനങ്ങളും കടന്നുപോകാനാവാതെ കുടുങ്ങുന്നത് പതിവായി.

കഴിഞ്ഞ ദിവസം ആന്ധ്രയിൽനിന്ന് സിമൻറുമായെത്തിയ ലോറിയാണ് മുന്നോട്ടെടുക്കാനാവാതെ രണ്ടാം വളവിൽ കുടുങ്ങിയത്. ഇതേത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ അശാസ്ത്രീയ നിർമാണത്തെത്തുടർന്ന് എല്ലാ ദിവസവും ഒട്ടേറെ ചരക്കുലോറികളാണ് വളവിൽ കുടുങ്ങുന്നത്.

55 കോടി രൂപ മുടക്കി നവീകരിച്ച റോഡ് 2015ലാണ് ഉദ്ഘാടനം ചെയ്തത്. തളിപ്പറമ്പ്-കൂർഗ് അതിർത്തി റോഡിൽ ഒടുവള്ളിക്കും ചാണോക്കുണ്ടിനുമിടയിൽ മൂന്ന് വലിയ വളവുകളാണുള്ളത്. ഇതിൽ രണ്ടാമത്തെ വളവിലാണ് വലിയ വാഹനങ്ങൾ വളഞ്ഞുകിട്ടാതെ കടുങ്ങുന്നത്.

അന്യ സംസ്ഥാനങ്ങളിൽനിന്ന് കമ്പി, സിമന്റ് മറ്റുനിർമാണ സാമഗ്രികൾ എന്നിവയെല്ലാം വലിയ ലോറികളിൽ നേരിട്ടാണ് ഇപ്പോൾ മലയോര മേഖലകളിലേക്ക് എത്തുന്നത്. തിരികെ റബർ, തേങ്ങ, അടക്ക പോലുള്ള സാധനങ്ങൾ കയറ്റിപ്പോകുന്നുമുണ്ട്.

കയറ്റുറക്കുമതിക്കായി ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്. ഒടുവള്ളി വളവിലെ വീതിയില്ലായ്മമൂലം കുടുങ്ങിക്കിടക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.

രാത്രികാലങ്ങളിൽ വണ്ടി കുടുങ്ങിയാൽ വിജനമായ സ്ഥലത്ത് വെള്ളം പോലും കിട്ടാതെ ഡ്രൈവറും സഹായിയും കഴിച്ചു കൂട്ടേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ചിലപ്പോൾ സഹായികളില്ലെങ്കിൽ ഡ്രൈവർമാർ ഒറ്റപ്പെട്ട് കഴിയുകയാണ് ചെയ്യുന്നത്.

രാവിലെ മാത്രമാണ് മറ്റ് വാഹനങ്ങളെത്തിച്ച് ചരക്ക് മാറ്റിക്കയറ്റി സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. പിന്നീടുവേണം ലോറി മാറ്റാൻ. പലപ്പോഴും ഖലാസികളുടെ സഹായവും തേടാറുണ്ട്. പകൽ സമയത്ത് കുടുങ്ങിയാൽ ഇതുവഴിയുള്ള മുഴുവൻ ഗതാഗതവും മുടങ്ങും.

വലിയ വളവും ഇറക്കവുമായതിനാൽ വണ്ടികൾക്ക് തിരിച്ചെടുക്കാനും കഴിയാറില്ല. സ്ഥിതി ആവർത്തിക്കുമ്പോഴും അധികൃതർ മൗനം നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ലോറികൾ കുടുങ്ങുന്ന ഭാഗങ്ങളിൽ ശാസ്ത്രീയമായ പ്രവൃത്തി നടത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

വഴിവിളക്കും സൂചന ബോർഡുമില്ല

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒടുവള്ളിയിലെ വളവുകളിൽ വഴിവിളക്കുകളോ സൂചന ബോർഡുകളോ ഇല്ല. വളവുകളിൽ വാഹനങ്ങൾ കുടുങ്ങുന്നതിന് പ്രധാന കാരണമിതാണ്. ചരക്കുവാഹനങ്ങൾ കുടുങ്ങുന്നത് പതിവായിട്ടും ബന്ധപ്പെട്ടവർ കാര്യം ഗൗരവത്തിലെടുത്തിട്ടില്ല.

മലയോര ഹൈവേ കൂടി തുറന്നതോടെ വലിയ വാഹനപ്പെരുപ്പമാണ് കൂർഗ് റോഡിൽ അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർ വഴിപോലും തിരിയാതെ കഷ്ടതയനുഭവിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്.

Tags:    
News Summary - How to come this way-If you come you will be stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.