ഫുട്ബാൾ ആരാധകർ ചോദിക്കുന്നു; 777 നമ്പർ ചാനൽ ആക്ടിവേറ്റാകുമോ?

ശ്രീകണ്ഠപുരം: '777 നമ്പർ ചാനൽ ആക്ടിവേറ്റാക്കുമോ?' കേബിൾ ഓപറേറ്റർമാർക്ക് കുറച്ചുദിവസമായി വരുന്ന അന്വേഷണം ഇതാണ്. ലോകം മുഴുവൻ കാറ്റുനിറച്ച തുകൽപന്തിന് പിന്നാലെ പായാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തത്സമയം കാണാൻ 'സ്പോർട്സ് 18' ചാനൽ ആക്ടിവേറ്റാക്കാനുള്ള തിരക്കിലാണ് ജില്ലയിലെ ഫുട്ബാൾ ആരാധകർ.

ലോകകപ്പിന്‍റെ ഇന്ത്യയിലെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം 450 കോടി രൂപക്ക് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം-18 ആണ് സ്വന്തമാക്കിയത്. വിയാകോമിന്‍റെ 'സ്പോര്‍ട്സ് 18' ചാനലിലാണ് ലോകകപ്പ് ഇന്ത്യയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

കേരള വിഷൻ ഡിജിറ്റലിൽ 777ാം നമ്പർ ചാനലാണ് 'സ്പോര്‍ട്സ് 18'. ഇതിന്റെ എച്ച്.ഡി ചാനൽ നമ്പർ 863 ആണ്. കേരളവിഷൻ ഐ.പി ടി.വിയിൽ - 975 (എസ്.ഡി), 974 (എച്ച്.ഡി) എന്നീ നമ്പറുകളിലും ചാനൽ ലഭ്യമാകും. പുതിയ ചാനലായതുകൊണ്ട് ഭൂരിഭാഗം പേരും 'സ്പോർട്സ് 18' സബ്സ്ക്രൈബ് ചെയ്തിട്ടില്ല.

ഇതോടെയാണ് ഫുട്ബാൾ ആരാധകർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി കേബിൾ ഓപറേറ്റർമാരെ തുടരെ വിളിക്കാൻ തുടങ്ങിയത്. കിക്കോഫിനുമുമ്പ് ചാനലുകൾ ആക്ടിവേറ്റാക്കി നൽകാനുള്ള തിരക്കിലാണ് കേബിൾ ഓപറേറ്റർമാർ. ഡി.ടി.എച്ച് കണക്ഷനുള്ളവർക്കും ഈ ചാനൽ നിലവിൽ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

ഡിഷ് ടി.വി-666 (എച്ച്.ഡി), സൺ ഡയറക്ട് - 505 (എസ്.ഡി), 983 (എച്ച്.ഡി), ടാറ്റ സ്കൈ - 488, എയർടെൽ ഡിജിറ്റൽ -293 എന്നിങ്ങനെയാണ് വിവിധ ഡി.ടി.എച്ച് കമ്പനികളിലെ 'സ്പോർട്സ് 18' ചാനലിന്റെ നമ്പറുകൾ.

ഇത്തവണ ചാനൽ വഴിയല്ലാതെ മൊബൈൽ ഫോണിലും ടാബിലും 'ജിയോ സിനിമ' ഒ.ടി.ടി ആപ്ലിക്കേഷനിലൂടെയും സൗജന്യമായി തത്സമയം ലോകകപ്പ് മത്സരങ്ങൾ കാണാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷാ കമൻററിയുമുണ്ടാകും. ആൻഡ്രോയ്ഡ് ടി.വിയിലും കമ്പ്യൂട്ടറുകളിലും ഈ ആപ്ലിക്കേഷൻ ലഭിക്കും. കൂടാതെ 'ജിയോ ടി.വി' ആപ്പിലും മത്സരങ്ങൾ കാണാനാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷ മാത്രമേ ജിയോ ടി.വിയിൽ ലഭിക്കുകയുള്ളു.

Tags:    
News Summary - Football fans ask-channel number 777 be activated?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.