പണി തുടങ്ങിയിട്ട് അഞ്ചുവർഷം; പാലം എവിടെ ?

ശ്രീകണ്ഠപുരം: കുടിയേറ്റ ഗ്രാമമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന അലക്സ് നഗർ പാലം നിർമാണം അഞ്ചുവർഷം പിന്നിടുമ്പോഴും എങ്ങുമെത്തിയില്ല.

ഒന്നര വർഷത്തിലേറെയായി നിർമാണം പൂർണമായി നിലച്ചിരിക്കയാണ്. സമീപത്തെ അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ജീവൻ പണയംവെച്ച് യാത്ര ചെയ്യുമ്പോഴും കോൺക്രീറ്റ് പാലം യാഥാർഥ്യമാവാത്തതിലുള്ള അമർഷത്തിലാണ് ഇരുകരകളിലുമുള്ളവർ.

പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ ആക്ഷേപമുയർന്ന സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റീടെൻഡർ നടത്താനുള്ള നടപടി സർക്കാർ തുടങ്ങിയിട്ടുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. മന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടും കരാർ മാറ്റി നൽകുന്നത് നീണ്ടുപോവുകയാണ്.

10.10 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. പാലത്തിനും മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള ഐച്ചേരി -അലക്സ് നഗർ റോഡിനും കൂടിയായിരുന്നു തുക അനുവദിച്ചത്. ഡെൽകോൺ എൻജിനീയറിങ് ലിമിറ്റഡിനാണ് നിർമാണച്ചുമതല.

നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് കെ.സി. ജോസഫ് എം.എൽ.എയായിരിക്കെ മുൻകൈയെടുത്ത് ഇവിടെ പാലം അനുവദിപ്പിച്ചത്. 2017 ഫെബ്രുവരിയിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലം അഞ്ചുവർഷമായിട്ടും 40 ശതമാനം പോലും പൂർത്തിയായില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളോടെ ജില്ലയിൽ അലക്സ് നഗർ പാലം ഉൾപ്പെടെ ആറ് പാലങ്ങളുടെ പണി നടത്താൻ പി.ഡബ്ല്യു.ഡി. നേരത്തേ നിർദേശം നൽകിയിരുന്നു.

എന്നാൽ, ഒരുമാസം മാത്രമാണ് അന്ന് പണി നടന്നത്. പിന്നീട് വീണ്ടും മുടങ്ങി. നിലവിൽ പണി നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. 109 മീറ്റർ നീളമുള്ള പാലത്തിന് വേണ്ട ആറ് തൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്. നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. പല ഭാഗങ്ങളിലും കാടുകയറിയിട്ടുമുണ്ട്. പാലം നിർമാണത്തിനായി മേഴ്സി ഭവന്റെ നിയന്ത്രണത്തിലുള്ള കൃഷിഭവന്റെ ഭൂമിയിലിറക്കിയ ലക്ഷങ്ങൾ വിലവരുന്ന കമ്പിയും മറ്റ് സാമഗ്രികളും മാസങ്ങൾക്ക് മുന്നേ തന്നെ തുരുമ്പിച്ചു നശിച്ച കാഴ്ചയാണ്.

അലക്സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമാകും. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം.

ഈ തൂക്കുപാലം ഏതു സമയവും നിലംപതിക്കുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. വിവിധ സ്കൂളുകൾ, ആശുപത്രി, പോസ്റ്റാഫിസ് എന്നിവിടങ്ങളിലേക്ക് കുട്ടികളും വയോധികരുമെല്ലാം പോകുന്നത് ആടിയുലയുന്ന തൂക്കുപാലത്തിലൂടെ നടന്നാണ്. ജനകീയ പ്രതിഷേധം ശക്തമായിട്ടും കരാറുകാരനെ മാറ്റിപണി നടത്തിക്കുന്നത് വൈകുകയാണ്.

പഴയ കരാറുകാരൻ ഇറക്കിയ സാധനങ്ങൾ തിരികെ കയറ്റാനും തുടങ്ങിയിട്ടുണ്ട്.

പാലം പണി നിലച്ചതോടെ ഇതോടൊപ്പം പൂർത്തിയാക്കേണ്ട അലക്സ് നഗർ - ചെരിക്കോട് -ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിക്കാനായിട്ടില്ല. പുതിയ ടെൻഡർ നൽകി പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് നഗരസഭ കൗൺസിലർ എം. ഷിജിൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.