കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കാൻ ജനകീയ ബോധവത്കരണവുമായി ഹരിത കേരളം മിഷൻ. പ്ലാസ്റ്റിക് നിരോധന നടപടികൾക്ക് ജനകീയ പിന്തുണ നേടാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമായി ജില്ലയിലാകെ ഹരിത പാഠശാലകൾ സജീവമാകുന്നു. ഗ്രന്ഥശാലകൾ, സ്കൂൾ പി.ടി.എ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, റസിഡൻസ് അസോസിയേഷൻ, സഹകരണ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഹരിത പാഠശാലകൾ.
പെരളശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിത പാഠശാലകളുടെ മാതൃകയിലാണ് പദ്ധതി ജില്ലയിലാകെ സംഘടിപ്പിക്കുന്നത്. ഹരിത നിയമങ്ങൾ, മാലിന്യ സംസ്കരണം, ബദൽ മാലിന്യ സംസ്കരണ രീതികൾ, ഹരിത കർമസേന, ഹരിത ഭവനം, ഹരിത സമൃദ്ധി വാർഡ് എന്നീ വിഷയങ്ങളാണ് പാഠശാലയിൽ ചർച്ച ചെയ്യുന്നത്. ഹരിത പെരുമാറ്റ ചട്ടം എന്താണെന്നും ഹരിത സമൃദ്ധി വാർഡുകൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാമെന്നും പാഠശാലയിൽ ചർച്ചയാവും. ജില്ലയിൽ ഇതുവരെ 948 ഹരിത പാഠശാലകൾ സംഘടിപ്പിച്ചു.
പെരളശേരിയിൽ പഞ്ചായത്ത് തലത്തിൽ ആരംഭിച്ച ഹരിത പാഠശാലകൾ എല്ലാ വായനശാലകളിലും സ്കൂളുകളിലും ഇതിനകം പൂർത്തിയായി. ഇതിന്റെ തുടർച്ചയായി അയൽക്കൂട്ടങ്ങളിലും തുടക്കം കുറിച്ചിട്ടുണ്ട്. പിണറായി പഞ്ചായത്തിൽ 307 ഹരിത പാഠശാലകളാണ് നടന്നത്. എല്ലാ സ്കൂളുകളിലും ക്ലാസ് തല രക്ഷാകർതൃ യോഗങ്ങൾ വിളിച്ചുചേർത്താണ് പാഠശാലകൾ സംഘടിപ്പിച്ചത്. മലപ്പട്ടം പഞ്ചായത്തിൽ എല്ലാ ഗ്രന്ഥാലയങ്ങളിലും ഹരിത പാഠശാലകൾ നടത്തി. കണ്ണപുരം പഞ്ചായത്ത് തലത്തിൽ ഒരു ഹരിത പാഠശാലക്ക് പുറമെ ആറ് വായനശാലകൾ കേന്ദ്രീകരിച്ചും രണ്ട് അയൽക്കൂട്ടങ്ങളിലും പാഠശാലകൾ സംഘടിപ്പിച്ചു.
കോട്ടയം, കതിരൂർ, കൂറുമാത്തൂർ, മയ്യിൽ, ചെങ്ങളായി, പായം, പടിയൂർ, ചെറുതാഴം പഞ്ചായത്തുകളിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്തിൽ ചേർന്ന നാട്ടുകൂട്ട യോഗങ്ങളിലെല്ലാം മുഖ്യ അജണ്ടകളിൽ ഹരിത പെരുമാറ്റ ചട്ടങ്ങളും പ്ലാസ്റ്റിക് മുക്ത ജില്ല കാമ്പയിനും ഇടംപിടിച്ചു.
209 നാട്ടുകൂട്ട യോഗങ്ങളാണ് ഇവിടെ നടന്നത്. പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ പരിശോധനയും ഹരിത സമൃദ്ധി വാർഡ് എന്ന ലക്ഷ്യം നേടാനുള്ള ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹിക-സന്നദ്ധ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി. വിഷരഹിത പച്ചക്കറി കൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.