നിർത്തിയിട്ട ലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

പഴയങ്ങാടി (കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന പിലാത്തറ മേരി മാതാ സ്കൂളിന് സമീപത്തെ മൈജു ഇഗ്നേഷ്യസ് (36) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴോടെ പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് താവം പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മൈജു ഇഗ്നേഷ്യസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ലോറിയിലിടിലിക്കുകയായിരുന്നു. നിർമ്മാണ തൊഴിലാളികളാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെയും ഇതര സംസ്ഥാന തൊഴിലാളികളെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കണ്ണപുരം പോലിസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ചൊവ്വാഴ്ച പുലർച്ചെ പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ എരിപുരത്തെ ലോറി അപകടത്തിൽ ഡ്രൈവർ തമിഴ്നാട് സ്വദേശി മുത്തു (26) മരിച്ചിരുന്നു. കെ.എസ്.ടി.പി റോഡിൽ രണ്ടു കിലോമീറ്ററിൽ മൂന്നു ദിവസത്തിനിടെ രണ്ടു അപകടങ്ങളിലായി രണ്ടു പേരാണ് മരിച്ചത്. ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണമായി ഈ മേഖലയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇഗ്ന്യേഷ്യസ് ഇത്തിലപള്ളി - ജസി ദമ്പതികളുടെ മകനാണ് മൈജു ഇഗ്നേഷ്യസ്. സഹോദരി: ജസി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.