പാനൂർ: പന്ന്യന്നൂർ മേഖലയിൽ ഉടലെടുത്ത സംഘർഷം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ ജാഗ്രതയോടെ പൊലീസ്. ഞായറാഴ്ച രാത്രി കൂർമ്പ കാവിലെ ഉത്സവത്തോടനുബന്ധിച്ച് ഉടലെടുത്ത ആർ.എസ്.എസ്- കോൺഗ്രസ് സംഘർഷത്തിൽ എസ്.ഐ ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. തിങ്കളാഴ്ച രാത്രി പാനൂരിനടുത്ത പൂക്കോത്ത് നഗരസഭ സ്റ്റാനഡിങ് കമ്മിറ്റി ചെയർമാനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കെ.പി. ഹാഷിമിനു നേരെ നടന്ന വധശ്രമവും സംഘർഷത്തിന്റെ ബാക്കിയാണ്. വലിയാണ്ടി പീടികയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടിൽ രാജീവന്റെ വീട് അടിച്ചു തകർത്തു.
ഏറെക്കാലത്തെ സമാധാന ത്തിന് ശേഷം പാനൂരിന്റെ പരിസര പ്രദേശമായ പന്ന്യന്നൂരിലും പൂക്കോത്തും വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്. സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
പൂക്കോത്തും പന്ന്യന്നൂരിലും വീടുകൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. കാവുകളിലും ക്ഷേത്രങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും മേഖലയിൽ അക്രമ പരമ്പരകൾ ആരംഭിച്ചത്. എന്നാൽ കോവിഡ് കാലത്ത് ഇത്തരം സംഭവങ്ങൾക്ക് ശമനമുണ്ടായിരുന്നു. സ്തംഭനാവസ്ഥയിലായിരുന്ന കച്ചവടങ്ങളും തൊഴിലിടങ്ങളും സജീവമായി വരുന്നതിനിടെ തുടർച്ചയായി സംഘർഷമുണ്ടായത് പൊലീസിനെയും നാട്ടുകാരെയും ഒരു പോലെ കുഴക്കുകയാണ്.
മേഖലയിലെ മിക്ക ക്ഷേത്രങ്ങളിലും കാവുകളിലും രാഷ്ട്രീയ പാർട്ടികൾ ആധിപത്യം ഉറപ്പിക്കൽ പതിവാണ്. പല കാവുകളിലേയും തിറ ഉത്സവങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും പരസ്യ പ്രചരണങ്ങളും നിറയുന്നത് പതിവാണ്. കോവിഡ് കാലത്തിന് മുമ്പ് ഇവിടങ്ങളിൽ പൊലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഉത്സവങ്ങൾക്ക് മുമ്പേ പ്രദേശങ്ങളിൽ സർവകക്ഷി യോഗങ്ങൾ ചേരാറുമുണ്ട്. എന്നാൽ ഈ വർഷം ഇത്തരം കൂടുതൽ മുൻകരുതലുകൾ പൊലീസ് നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം നിർദേശങ്ങൾ ഉണ്ടായാൽ തന്നെ പലതും പാലിക്കപ്പെടാറുമില്ല എന്നതാണ് സത്യം. ക്ഷേത്രങ്ങളുടെ 100 മീറ്റർ പരിധിയിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ പാടില്ലെന്ന നിർദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ല. പൊതുവേ സി.പി.എം-ബി.ജെ.പി സംഘർഷങ്ങളാണ് മേഖലയിൽ നിലനിന്നിരുന്നത്. എന്നാൽ ഇത്തവണ കോൺഗ്രസ് - ബി.ജെ.പി പ്രവർത്തകർ തമ്മിലാണ് അസ്വാരസ്യം. കോവിഡ് കാലത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിനിടയിൽ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സംഘർഷം ഉടൻ അവസാനിപ്പിക്കാൻ ഉന്നത ഭരണ-രാഷ്ട്രീയ നേതൃത്വങ്ങൾ മുൻകൈയെടുക്കണമെന്നുംതുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും പട്രോളിങ് ഉൾപ്പെടെ ഊർജിതമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.