കണ്ണൂർ: ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത ജില്ല പദ്ധതിയുടെ ഭാഗമായി എല്ലായിടങ്ങളിലും അടിയന്തരമായി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് ആസൂത്രണസമിതി യോഗം നിർദേശിച്ചു.
അയല്‍ക്കൂട്ടങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ബഹിഷ്കരണ പ്രതിജ്ഞയെടുക്കാനും നിർദേശമുണ്ട്. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. വാതില്‍പടി സേവനത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പരിശോധനയിൽ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ആസൂത്രണ സമിതി അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു.
ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്ന സേവനങ്ങളാണ് വാതില്‍പടി സേവനത്തിെൻറ ഭാഗമായി പഞ്ചായത്തുകളില്‍ കൂടുതലായി നടക്കുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവർ പറഞ്ഞു. 36 തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി കൂടി അംഗീകരിച്ചു.
'പ്ലാസ്റ്റിക് ഫ്രീ കണ്ണൂരി'നായി ബദല്‍ ഉല്പന്ന പ്രദര്‍ശനമേള
ജില്ലയെ ഒറ്റത്തവണ പ്ലാസ്റ്റിക്മുക്തമാക്കുന്നതിെൻറ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 31 വരെ ജില്ലതല ബദല്‍ ഉല്പന്ന പ്രദര്‍ശനമേള സംഘടിപ്പിക്കും. കലക്ടര്‍ എസ്. ചന്ദ്രശേഖറിെൻറ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബദല്‍ ഉല്പന്ന പ്രദര്ശനമേളക്കാവശ്യമായ ഫണ്ട് ശുചിത്വ മിഷെൻറ ഐ.ഇ.സി ഫണ്ടില്‍നിന്ന് കണ്ടെത്താന്‍ കലക്ടര്‍ നിർദേശിച്ചു. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.
ജനുവരി ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞ ചൊല്ലല്‍ സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്ത വകുപ്പ് അധികൃതരുടെ യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് സി.സി. ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിതകേരള മിഷന് ജില്ല കോഓഡിനേറ്ററെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.