1. കടൽ ഭിത്തിയില്ലാത്തതിനാൽ ഭീഷണി നേരിടുന്ന മാട്ടൂൽ സൗത്ത് മേഖല. 2. സൗത്ത് മുനമ്പ് ഭാഗങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് നസീർ ബി. മാട്ടൂലിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിലെ കടൽഭിത്തിയില്ലാത്ത 2.85 കി.മീ തീരദേശ മേഖലയിലെ ഭിത്തി നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാൻ കരാറെടുത്തിട്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തീകരിക്കാനാകാതെ കരാറുകാരൻ. സൂനാമി ബാധിത പ്രദേശമേഖലയായ മാട്ടൂൽ സൗത്തിൽ കടൽഭിത്തിയില്ലാത്ത തീരത്ത്, കാലവർഷമാരംഭിക്കുന്നതോടെ 50 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന് മാട്ടുൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂൽ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
മാട്ടൂലിൽ തീരദേശ മേഖലയിൽ കടൽഭിത്തിയില്ലാത്തിടങ്ങളിൽ ഭിത്തി നിർമ്മാണത്തിന് 2021ലാണ് കാസർകോട് നുള്ളിപാടി സ്വാദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വകുപ്പ് കരാർ നൽകിയത്. എന്നാൽ അഞ്ച് വർഷം പൂർത്തിയായിട്ടും 2.85 കി.മീറ്റർ ദൈർഘ്യത്തിൽ നിർമിക്കേണ്ട ഭിത്തിയുടെ പകുതിയിലേറെ ഭാഗവും പൂർത്തീകരിച്ചില്ല.
നിശ്ചിത സമയത്തേക്കാൾ മൂന്നര വർഷം അധികം നൽകിയിട്ടും ഒന്നര കി.മീ ലേറെ ദൈർഘ്യത്തിൽ നിർമ്മാണം മുടങ്ങിയിരിക്കെ ഇതേ കരാറുകാരന് പത്താം തവണയും കരാർ നീട്ടിനൽകാൻ തയാറായിരുക്കുന്നു ഇറിഗേഷൻ വകുപ്പെന്നതാണ് കൗതുകം. ഇതിനാവശ്യമായ രേഖകൾ കരാറുകാരൻ സമർപ്പിച്ചിട്ടില്ലെന്നതാണ് കരാർ പത്താം തവണ നീട്ടി നൽകുന്നതിന് തടസ്സമായതെന്ന വിചിത്ര മറുപടിയാണ്, നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിക്ക് ഇറിഗേഷൻ വകുപ്പ് പഞ്ചായത്ത് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചത്.
കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തി കണ്ണൂർ ജില്ലാ കലക്ടർ, ഇറിഗേഷൻ സബ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതി നൽകി. കരാറുകാരൻ സമയബന്ധിതമായി ജോലി പൂർത്തികരിക്കാത്തതാണ് മാട്ടൂൽ സൗത്തിൽ കടൽഭിത്തിയില്ലാത്ത അവസ്ഥക്ക് കാരണമെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം കരാറുകാരനാണെന്നും കാല വർഷത്തിൽ ഉണ്ടാവാനിടയുള്ള നാശനഷ്ടങ്ങൾ ഇരിഗേഷൻ വകുപ്പ് മുൻകുട്ടി കാണുന്നുണ്ടെന്നും എന്നാൽ പരിഹാരത്തിനു മറ്റു മാർഗങ്ങളില്ലെന്നുമാണ് മറുപടി. കാലവർഷമടുത്ത സാഹചര്യത്തിൽ മാട്ടൂൽ പഞ്ചായത്ത് ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. വർഷകാലങ്ങളിൽ കടൽക്ഷോഭ ഭീഷണിയുള്ള മേഖലകൾ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി മാട്ടൂൽ, പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, വില്ലേജ് ഓഫീസർ സനില എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.