കണ്ണൂർ: മേലെചൊവ്വയിലെ മേൽപാലം പദ്ധതിക്കായുള്ള ടെന്‍ഡര്‍ ഫെബ്രുവരി അവസാനത്തോടെ ക്ഷണിക്കാനാകുമെന്ന് ആര്.ബി.ഡി.സി.കെ മാനേജര്‍ കണ്ണൂര്‍ മണ്ഡലം പൊതുമരാമത്ത് അവലോകന യോഗത്തില്‍ അറിയിച്ചു.
കിഫ്ബിയില്‍ നിന്നുള്ള അനുമതി വേഗത്തില്‍ ലഭിക്കുമെന്നും അത് ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കുമെന്നും മാനേജര്‍ യോഗത്തില്‍ അറിയിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കീബസാര്‍ മേൽപാലത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ 70 ശതമാനം പൂര്‍ത്തിയായി.
ബാക്കിയുള്ള ഭൂമിയെറ്റെടുക്കലിന് കേസ് നിലനില്‍ക്കുന്നതിനാലാണ് കാലതാമസമെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്നതും പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെ കുറിച്ചും യോഗം അവലോകനം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനം വേണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി യോഗത്തില്‍ പറഞ്ഞു. പദ്ധതികളില്‍ കാലതാമസം നേരിടുന്നെങ്കില്‍ അത് ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യാമെന്നും അക്കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ തടസ്സമായതോടെയാണ് അടിപ്പാതക്ക് പകരം മേൽപ്പാതയെന്ന തീരുമാനത്തിലെത്തിയത്. നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളി നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ തുടങ്ങാനിരിക്കെയാണ് അടിപാതക്കു പകരം മേൽപാത നിർമിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് സർക്കാൻ അനുമതി നൽകിയത്. പൈപ്പ് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2016ലെ ബജറ്റിലാണ് മേലെചൊവ്വയിൽ അടിപ്പാത അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.