തലശ്ശേരി: ജില്ല പഞ്ചായത്തിൽ കതിരൂർ ഡിവിഷനിൽ കതിരൂർ പഞ്ചായത്ത് മുൻ അംഗവും യുവ അഭിഭാഷകയും തമ്മിലാണ് മത്സരം. ഇടതുമുന്നണിക്ക് വലിയ സ്വാധീനമുള്ളതാണ് കതിരൂർ ഡിവിഷൻ. ഇടത് ഭരണം കൈയാളുന്ന കതിരൂർ പഞ്ചായത്തിലെ 20 ഉം എരഞ്ഞോളി പഞ്ചായത്തിലെ 18 ഉം ന്യൂ മാഹി പഞ്ചായത്തിലെ രണ്ടും പിണറായി പഞ്ചായത്തിലെ ഏഴും വാർഡുകൾ ഉൾപ്പെട്ടതാണ് കതിരൂർ ഡിവിഷൻ.
ആകെ 47 വാർഡുകൾ. മുൻ കതിരൂർ പഞ്ചായത്തംഗമായിരുന്ന എ.കെ. ശോഭ (54) യാണ് ഇടത് സ്ഥാനാർഥി. ജനാധിപത്യ മഹിള അസോസിയേഷൻ തലശ്ശേരി ഏരിയ സെക്രട്ടറിയാണ്. കതിരൂർ പുല്യോട് ഈസ്റ്റിലാണ് താമസം. സി.പി.എം കതിരൂർ ലോക്കൽ കമ്മിറ്റി അംഗവും റബ്കോ ജീവനക്കാരിയുമാണ്. 2005ലെ കതിരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കതിരൂർ തെരുവാർഡിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ തെരഞ്ഞെടുപ്പിൽ കതിരൂർ ടൗണിൽനിന്ന് എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭക്ക് മൂന്നാം അങ്കമാണിത്. പുല്യോട് ഈസ്റ്റിലെ മന്ദ്യത്താംകുന്ന് വീട്ടിൽ വി.കെ. ചന്ദ്രനാണ് ഭർത്താവ്.
യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വീണ വിശ്വനാഥ് (27) തലശ്ശേരി ബാറിലെ അഭിഭാഷകയാണ്. തെരഞ്ഞെടുപ്പിൽ പുതുമുഖം. ലോയേഴ്സ് കോൺഗ്രസ് യൂത്ത് വിങ് തലശ്ശേരി യൂനിറ്റ് പ്രസിഡന്റാണ്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കെ. വിശ്വനാഥന്റെ മകളാണ്. ഭർത്താവ് കെ.കെ. ഹരികൃഷ്ണനും തലശ്ശേരി ബാറിലെ അഭിഭാഷകനാണ്. ബി.ജെ.പി സ്ഥാനാർഥിയായി രശ്മിയും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.