പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം തകർന്ന സുരക്ഷാവേലി
കേളകം: കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡിലെ സുരക്ഷാവേലി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല. ചെകുത്താൻ തോടിന് സമീപം റോഡരികിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിർമിച്ച സുരക്ഷാവേലിയാണ് തകർന്ന് കിടക്കുന്നത്.
ചുരത്തിൽകൊക്കയുള്ള ഭാഗത്ത് സുരക്ഷാവേലി തകർന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് സമീപം കാട് വളർന്നതിനാൽ കുറച്ച് ഭാഗത്ത് ഇരുമ്പു വേലി ഇല്ലെന്ന് വാഹനയാത്രക്കാർക്ക് പെട്ടെന്ന് മനസ്സിലാകില്ല. ഇവിടെ വാഹനങ്ങൾ റോഡരികിലേക്ക് വശം ചേർത്താൽ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. ചുരം പാതയിലെ വീതി കുറഞ്ഞതും ഒരു വശം കൊക്കയുള്ളതുമായ ഭാഗമാണ് ഇത്.
വലിയ വാഹനങ്ങൾ എതിർ ദിശകളിൽ നിന്ന് വന്നാൽ വശം കൊടുക്കാൻ സ്ഥലമില്ല. വലിയ വാഹനങ്ങൾ ദൂരെ നിന്ന് ഫോൺ മുഴക്കി എതിർ ദിശയിൽ നിന്നുള്ള വലിയ വാഹനങ്ങൾ വശം കൊടുക്കാൽ പറ്റുന്നയിടത്ത് നിർത്തിയ ശേഷമാണ് ഈ ഭാഗത്ത് കൂടി കടന്ന് പോകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ റോഡരികിൽ റോഡരികിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നിരുന്നു.
അതിന് പകരമായിയാണ് ഇരുമ്പുപൈപ്പ് കൊണ്ട് സുരക്ഷാവേലി കെ.ആർ.എഫ് ബി നിർമിച്ചത്. ദിവസേന നിരവധി വാഹനങ്ങളാണ് ചൂരം പാതയിലൂടെ കടന്ന് പോകുന്നത്. കൊട്ടിയൂർ ഉത്സവം ജൂണിൽ ആരംഭിക്കുന്നതോടെ ചുരം വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാകും.
ഉത്സവകാലത്ത് രാത്രിയിൽ പോലും വാഹനങ്ങളുടെ വലിയ തിരക്കാണ് ചുരത്തിൽ. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ സുരക്ഷാവേലി ഇല്ലെന്ന് തിരിച്ചറിയാൻ രാത്രി ബുദ്ധിമുട്ടാണ് .ചുരം റോഡ് പരിചിതമല്ലാത്ത നിരവധി യാത്രക്കാർ ഉത്സവകാലത്ത് ബോയ്സ് ടൗൺ പാൽച്ചുരം പാതയിലൂടെ കടന്ന് പോകുന്നത്.
ഉത്സവം ആരംഭിക്കുന്നതിന് മുമ്പായി സംരക്ഷണ ഭിത്തിയോ ഇരുമ്പ് സുരക്ഷാവേലിയോ പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉത്സവത്തിന് മുമ്പായി താൽക്കാലിക സംവിധാനം ഒരുക്കുമെന്നാണ് കെ.ആർ.എഫ്.ബി അധികൃതരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.