കക്കാട് നീന്തൽക്കുളം ഉപയോഗിക്കാതെ മലിനമായനിലയിൽ
കണ്ണൂർ: ഒരുകോടി രൂപ അക്ഷരാർഥത്തിൽ വെള്ളത്തിലാക്കിയ കഥയാണ് കക്കാട് നീന്തൽക്കുളത്തിന്റേത്. 1.04 കോടി രൂപ ചെലവിൽ സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോർട്സ് കൗൺസിലും ചേർന്ന് നിർമിച്ച നീന്തൽക്കുളം കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. നീന്തൽ പരിശീലനത്തിനായി 2018ൽ അത്യാധുനിക രീതിയിൽ നിർമിച്ച കുളം കക്കാട് പുഴയിൽനിന്ന് മലിനജലം കയറുന്നതിനാലാണ് നോക്കുകുത്തിയാകുന്നത്. പ്രളയത്തിൽ ചളിയും മാലിന്യവും കയറി കുളത്തിലെ യന്ത്രസാമഗ്രികൾക്കടക്കം തകരാറ് സംഭവിച്ചു. കഴിഞ്ഞ രണ്ട് പ്രളയത്തിലും മലിനജലം കയറി അത്യാധുനിക പ്ലാന്റ് മുഴുവനായും നശിച്ചിരുന്നു.
കക്കാട് പുഴയിൽ നിന്നും വെള്ളം കയറുന്നിടത്ത് ലക്ഷങ്ങൾ മുടക്കിയുള്ള നീന്തൽക്കുളം നിർമാണം വിജയിക്കില്ലെന്ന് കായികപ്രേമികളും നാട്ടുകാരും തുടക്കത്തിലേ പറഞ്ഞിരുന്നു. ഇതൊന്നും വകവെക്കാതെയുള്ള നിർമാണമാണ് ഇപ്പോൾ വെള്ളത്തിലായത്. പുഴയിൽനിന്ന് ഏറ്റവും കൂടുതൽ മലിനജലം കയറുന്നിടത്ത് നീന്തൽക്കുളം ഒരുക്കുന്നതിൽ അപാകതയുണ്ടെന്നാരോപിച്ച് നേരത്തെ പരിസ്ഥിതി പ്രവർത്തകരും കായികപ്രേമികളും രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇത്തവണയും പുഴയിൽനിന്ന് വെള്ളം കയറി. നീന്തൽ ഒഴിഞ്ഞതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഇവിടം. മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം കുളത്തിൽ ഒഴുകി നടക്കുന്നു. വെള്ളം പായലും പൂപ്പലും പിടിച്ച നിലയിൽ. വെള്ളപ്പൊക്കത്തിൽ പുഴയിൽനിന്ന് മലിനജലം കയറുന്നതിനാൽ അസഹനീയമായ നാറ്റവുമുണ്ട്. കുളത്തിന്റെ അരികിൽവിരിച്ച ടൈലുകൾ ഇളകി. പരിശീലനം നടത്തുന്നവർക്ക് വസ്ത്രം മാറാനുള്ള മുറികൾ നശിച്ചു. വാതിലുകളും ശൗചാലയവും ഉപയോഗശൂന്യമായി. വാഷ്ബേസിനും ക്ലോസറ്റുമെല്ലാം സാമൂഹിക വിരുദ്ധർ തകർത്തു. നീന്തൽക്കുളം കോംപ്ലക്സിനുള്ളിലെ വിളക്ക് തൂണുകൾ നിലംപൊത്താറായി. രാത്രിയിൽ അടക്കം പരിശീലനം നടത്താനാണ് വിളക്കുകൾ സ്ഥാപിച്ചത്.
കക്കാട് നീന്തൽക്കുളം വെള്ളത്തിലായതോടെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് പുതിയ നീന്തൽക്കുളവും കബഡി കോർട്ടും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തെ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ മുന്നോട്ടുപോയെങ്കിലും 2016ലെ തുകയാണെന്ന കാരണത്താൽ കരാറുകാർ ഒഴിഞ്ഞ നിലയാണ്. പിണറായിലെയും മമ്പറത്തെയും നീന്തൽക്കുളങ്ങളിലാണ് ഇപ്പോൾ നീന്തൽ മത്സരങ്ങൾ നടക്കുന്നത്.
നീന്തൽക്കുളം ഉപയോഗശൂന്യമായി ആളനക്കം ഇല്ലാതായതോടെ കുളവും പരിസരവും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കി. കുളത്തിന്റെ പരിസരങ്ങളിലും ഡ്രസിങ് റൂമുകളിലും ശൗചാലയത്തിലുമെല്ലാം കന്നുകാലികൾ തമ്പടിച്ചിരുക്കുന്നു. മുറികളിൽ അടക്കം ചാണകമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ നിലവും മറ്റും കന്നുകാലികൾ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. ഇവ കയറാതിരിക്കാൻ ആവശ്യമായ സുരക്ഷക്രമീകരണങ്ങളും ഇവിടെയില്ല.
സുരക്ഷാവേലിയും പ്രധാന കവാടവും തുരുമ്പെടുത്തു. പരിപാലനവും അറ്റകുറ്റപ്പണിയും ഇല്ലാതായതോടെയാണ് നീന്തൽക്കുളം കോംപ്ലക്സിനു ചുറ്റും നിർമിച്ച ഇരുമ്പ് വേലി തുരമ്പെടുത്തു നശിച്ചത്. സുരക്ഷവേലിയുണ്ടെങ്കിൽ ഒരു പരിധിവരെ സാമൂഹിക വിരുദ്ധരെയും കന്നുകാലികളെയും തടയാനാവുമെന്നാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നീന്തൽകുളത്തിൽ നിന്നും നിരവധി കുട്ടികളാണ് പരിശീലനം നേടിയത്. നിർമിച്ച സ്പോർട്സ് കൗൺസിലിനും വേണ്ടാതായതോടെയാണ് നീന്തൽ കുളം നശിക്കുന്നത്.
അത്യാധുനികരീതിയിൽ നിർമിച്ച കുളം കക്കാട് പുഴയിൽനിന്ന് മലിനജലം കയറുന്നതിനാലാണ് നോക്കുകുത്തിയാകുന്നത്
സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോർട്സ് കൗൺസിലും നിർമിച്ച നീന്തൽക്കുളം 2018 മേയ് ഏഴിനാണ് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നാടിന് തുറന്നുകൊടുത്തത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്ത് 1.04 കോടി രൂപ ചെലവിട്ടാണ് കുളവും കോംപ്ലക്സും നിർമിച്ചത്. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ളതാണ് കുളം. ആറ് ട്രാക്കുള്ള നീന്തല്‍ക്കുളത്തില്‍ രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.