ബർഷാദ് മുഹമ്മദ്

ട്രാക്കിൽ കുതിപ്പ് തുടരാൻ 'ഇരിക്കൂറിന്‍റെ ബോൾട്ട്'

ഇരിക്കൂർ: യു.എ.ഇ കേരള റൈഡേഴ്സ് ക്ലബ് അംഗവും യു.എ.ഇ അബൂദാബി അഡ്നോക്ക് അന്താരാഷ്ട്ര മാരത്തോണിൽ പങ്കെടുത്ത ഇന്ത്യക്കാരിൽ മികച്ച പത്തിൽ ഇടം നേടിയ താരവുമായ കണ്ണൂർ ഇരിക്കൂർ സ്വദേശി ബർഷാദ് മുഹമ്മദ്‌ ട്രാക്കിൽ വിസ്മയക്കുതിപ്പ് തുടരുന്നു.

ആദ്യമായി പങ്കെടുത്ത അഡ്നോക് മാരത്തോണിൽ മൂന്നര മണിക്കൂർ കൊണ്ട് 42 കിലോമീറ്റർ ഓടി മികച്ച പ്രകടനം കാഴ്ചവച്ച ബർഷാദ് നാലുമിനിറ്റിനുള്ളിൽ ഒരു കിലോമീറ്റർ ഫിനിഷ് ചെയ്ത് ഇരിക്കൂറിന്‍റെ ബോൾട്ട് എന്ന വിശേഷണം നേടിയിരിക്കുകയാണ്.

യു.എ.ഇയിലെ ഷാർജ കോപ്പറേറ്റീവ് സൊസൈറ്റി ഐ.ടി ഡിപ്പാർട്ട്മെന്‍റിൽ ജോലിചെയ്യുന്ന ബർഷാദ് ജോലി തിരക്കുകൾക്കിടയിലും തന്‍റെ സ്വപ്നമായി കൊണ്ടുനടക്കുന്ന ഓട്ടത്തിന് സമയം കണ്ടെത്തുകയായിരുന്നു. ഇരിക്കൂറിലെ സാധാരണ കുടുംബത്തിൽ ജനിച്ച ബർഷാദ് മുൻ പരിചയമോ വിദഗ്ധ പരിശീലനമോ ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത്.

യു.എ.ഇ മൊത്തത്തിൽ സൈക്കിളിൽ ചുറ്റിക്കറങ്ങുക എന്ന തന്‍റെ ആഗ്രഹം സഫലീകരിക്കാൻ ഒരു സൈക്കിൾ വാങ്ങി പുറപ്പെട്ടു. വിലപിടിപ്പുള്ള സൈക്കിളുകൾക്ക് പകരം വിലകുറഞ്ഞ സൈക്കിൾ വാങ്ങിയാണ് ഈ യാത്ര ആരംഭിച്ചത്. അങ്ങനെയിരിക്കെയാണ് ടിക്-ടോക്കിൽ ഒരു സൈക്കിൾ യാത്രികനെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം യു.എ.ഇ യിലെ മലയാളി കൂട്ടായ്മയായ കേരള റൈഡേഴ്സ് ക്ലബിൽ എത്തിപ്പെടുകയും ചെയ്തത്. ഈ ക്ലബിൽ എത്തിയതിന് ശേഷമാണ് ബർഷാദിന്‍റെ ജീവിതംതന്നെ മാറിയത്. ക്ലബിലെ ആളുകളേറെയും അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ ആയിരുന്നു. ലക്ഷങ്ങൾ വിലയുള്ള സൈക്കിളുകളായിരുന്നു അവരുടേത്. സാധാരണക്കാരനായ ബർഷാദിന് അത്രയും വിലകൂടിയ സൈക്കിളുകൾ വാങ്ങാൻ സാധിക്കുമായിരുന്നില്ല. ആ ക്ലബിലൂടെ മാരത്തണിൽ പങ്കെടുക്കുവാനുള്ള അവസരം ബർഷാദിന് ലഭിച്ചപ്പോൾ പിന്നീട് തന്‍റെ മേഖല ഓട്ടമാണെന്ന് തിരിച്ചറിയുകയും വിവിധ മാരത്തണുകളിൽ പങ്കെടുത്ത് പ്രതിഭാശേഷി തെളിയിക്കുകയും ചെയ്തു.

ക്ലബിലെ അംഗങ്ങളോടൊപ്പം അഞ്ച് കിലോമീറ്റർ ഓടാൻ വേണ്ടി തീരുമാനിച്ച ബർഷാദ് 21 കിലോമീറ്ററുകൾ താണ്ടി ഹാഫ് മാരത്തോൺ പൂർത്തിയാക്കി. തുടർച്ചയായി ഏഴു ദിവസം ഹാഫ് മാരത്തോൺ പൂർത്തിയാക്കി ക്ലബിലെ മെമ്പർമാരെ ഞെട്ടിച്ചു. കഠിനപ്രയത്നം കൊണ്ട് ക്ലബിലെ മികച്ച ഓട്ടക്കാരനായി ബർഷാദ് മാറി. പിന്നീട് നാഷണൽ, ഇന്‍റർനാഷണൽ മാരത്തോണുകളിൽ പങ്കെടുക്കുകയും യു.എ.ഇ പഞ്ചാബ് ക്ലബ് നടത്തിയ എൻഡുറൻസ് മാരത്തോണിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

മലപ്പുറം സ്വദേശിയും കേരള റൈഡേഴ്സ് ക്ലബിന്‍റെ അമരക്കാരനുമായ മോഹൻദാസാണ് ബർഷാദിന്‍റെ പരിശീലകൻ. യു.എ.ഇ ഷാർജ സ്പോർട്സ് ക്ലബിന്‍റെ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. കേരള ടൂറിസം ഡിപ്പാർട്ട്മെന്‍റ് നടത്തിയ തലശ്ശേരി ഹെറിറ്റേജ് റൺ മാരത്തോണിൽ 10 കിലോമീറ്റർ ഓടി മികച്ച പ്രകടനം കാഴ്ചവെച്ച ബർഷാദ് കണ്ണൂർ റണ്ണേഴ്സ് ക്ലബിലെ അംഗം കൂടിയാണ്.



(അഡ്നോക്ക് മാരത്തോണിൽ പങ്കെടുത്ത കേരള റൈഡേഴ്‌സ് ടീം അംഗങ്ങൾ)

 

കേവലം ഒരു വർഷം കൊണ്ടാണ് വിവിധ മത്സരങ്ങളിൽ ഫസ്റ്റ്, സെക്കൻഡ് നേടി അമ്പതോളം മെഡലുകൾ ബർഷാദ് കരസ്ഥമാക്കിയത്. ഷാർജ യൂണിവേഴ്സിറ്റി ടീമിലെ മികച്ച ഓട്ടക്കാരനായി ബർഷാദ് മാറിയിരിക്കുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഓട്ടക്കാരനായി മാറാനുള്ള തീവ്ര പരിശീലനത്തിലാണ് ബർഷാദ്.

ദുബൈ ജി.സി.സി കെ.എം.സി.സി, കെ.എം.സി.സി ഇരിക്കൂർ, ഇരിക്കൂർ ഡയനാമോസ് സ്പോർട്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ അവാർഡുകളും ആദരവുകളും ബർഷാദിനെ തേടിയെത്തിയിട്ടുണ്ട്. ഇരിക്കൂർ സ്വദേശി പരേതനായ വി. മുഹമ്മദിന്‍റെയും പി. ഖദീജയുടെയും മകനാണ്. പെരുവളത്തുപറമ്പ് സ്വദേശിനി ഫഹീമയാണ് ഭാര്യ. ദുഅ മെഹ്വിഷാണ് മകൾ.

Tags:    
News Summary - 'Irikkur Bolt' to continue track records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.