കർഷകർ നിരാശയിൽ; പൊൻകതിർ കൊയ്യാൻ മയിലുകളും കിളികളും

ഇരിക്കൂർ: തരിശുനിലങ്ങളിലും പാടങ്ങളിലും പൊൻകതിർ വിളഞ്ഞപ്പോൾ കൊയ്യാനെത്തുന്നത് കൂട്ടത്തോടെ മയിലുകളും കിളികളും. നിരാശരായി കർഷകർ. മഹാമാരിയും ദീർഘമായ അടച്ചിടലുകളും തീർത്ത ആലസ്യവും ആശങ്കകളും തീണ്ടാതെ വിയർപ്പൊഴുക്കിയ കൃഷിക്കാരുടെ കണ്ണീർപ്പാടങ്ങളാവുകയാണ് നെൽവയലുകളും കരനെൽ കൃഷിയിടങ്ങളും. കാലം തെറ്റിയെത്തിയ കൊടും വർഷമാണ് ഇത്തവണ ഒന്നാംവിള നെൽകൃഷി വെള്ളത്തിലാക്കിയത്. കന്നിക്കൊയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിലായതും കർഷകരുടെ ദുരിതത്തിന് ആഴമേറ്റുന്നു.

ഏറെ പ്രതീക്ഷയോടെ കൃഷി വകുപ്പി​െൻറയും ത്രിതല പഞ്ചായത്തുകളുടെയും സഹായ സഹകരണത്താൽ മുൻവർഷങ്ങളെക്കാൾ വൻതോതിലാണ് ​െനൽകൃഷി ഇറക്കിയിരുന്നത്. ഗ്രാമീണ മേഖലകളിലടക്കം നെൽകൃഷി തിരിച്ചുവന്ന വർഷമായിരുന്നു ഇത്തവണ. സുഭിക്ഷ കേരളം പദ്ധതിപ്രകാരം കൃഷി ചെയ്തതും മികച്ച വിളവുണ്ടാവുകയും ചെയ്ത പൊൻ കതിരുകളാണ് മയിലുകളും തത്തകളും കിളികളും കൂട്ടമായി എത്തി മുറിച്ചു കൊണ്ടുപോകുന്നതെന്ന്​ കർഷകർ സങ്കടത്തോടെ പറയുന്നു. മിക്കവരും വലിയ തുക നൽകി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.

കാടുകളും കുറ്റിച്ചെടികളും കല്ലിൻ കൂട്ടങ്ങളുമെല്ലാം മാറ്റിയാണ് കൃഷി ചെയ്ത്. ഏറെ സാമ്പത്തിക പ്രയാസമനുഭവിക്കകയും ചെയ്ത കൃഷി സംരക്ഷിക്കാനായി കർഷകർ രാവിലെ മുതൽ കൃഷിയിടങ്ങളിലെത്തി പാത്രങ്ങൾ കൊട്ടിയും പടക്കങ്ങൾ പൊട്ടിച്ചുമെല്ലാമാണ് കിളികളെ തുരത്തുന്നത്. വിളഞ്ഞ് തൂങ്ങിക്കിടക്കുന്ന കതിർക്കുലകൾ പക്ഷികൾ കൊണ്ടുപോകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുകയാണിവർ. വണ്ടുകളുടെ ശല്യവും ഇല്ലാതില്ല. അപൂർവമായി ചിലയിടങ്ങളിൽ മരങ്ങളിൽ ഏറുമാടങ്ങൾ ഉണ്ടാക്കി താമസിക്കുകയാണ്. ലോക്ഡൗൺ കാലത്ത് ഒറ്റക്കും സംഘമായും ഇത്തവണ നെൽകൃഷി നടത്തിയവർ ഏറെയാണ്.

മയിലുകളും കിളികളും വണ്ടുകളും വന്നതോടെയാണ് നെൽകൃഷി വിജയകരമാവില്ലെന്ന സ്ഥിതിയിലെത്തിയത്. കർഷകരുടെ തീരാദുഃഖത്തിന് പരിഹാരം കാണാൻ അധികൃർ കണ്ണുതുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - Farmers frustrated Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.