കണ്ണൂർ: ജില്ലയിൽ സി.പി.എമ്മിൽനിന്ന് വിട്ടുനിൽക്കുന്ന പ്രവർത്തകർ സി.പി.ഐയിലേക്ക് ചേരുന്ന ചർച്ച സജീവമായി നിലനിൽക്കവെ വീണ്ടും പാർട്ടിമാറ്റം.
സി.പി.എം കണ്ണൂർ ടൗൺ മുൻ ലോക്കൽ സെക്രട്ടറിയുൾപ്പെടെ ഒരുവിഭാഗമാണ് ബുധനാഴ്ച സി.പി.എമ്മിൽനിന്ന് വിട്ട് സി.പി.ഐയിൽ ചേർന്നത്. കഴിഞ്ഞയാഴ്ച തളിപ്പറമ്പിൽ മുൻ നഗരസഭ വൈസ് ചെയർമാനും മുൻ ഏരിയ കമ്മിറ്റി അംഗവുമായ കോമത്ത് മുരളിയുടെ നേതൃത്വത്തിൽ 57ഓളം പ്രവർത്തകർ സി.പി.എം വിട്ട് സി.പി.ഐയിലേക്ക് ചേർന്നിരുന്നു.
ഇതിനിടെയാണ് വീണ്ടും സി.പി.എം കണ്ണൂർ ടൗൺ മുൻ ലോക്കൽ സെക്രട്ടറി ടി.എം. ഇർഷാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി ഷംസീർ ഉൾപ്പെടെയുള്ള നിരവധിപേർ സി.പി.ഐയിൽ ചേർന്നത്. ഏരിയ കമ്മിറ്റിയുമായുള്ള ഭിന്നതയെ തുടർന്നാണ് നേതാക്കളടക്കം പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നത്. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയായ തായത്തെരുവിൽ നിന്നുള്ള പ്രവർത്തകരാണ് പാർട്ടി വിട്ടത്. സി.പി.ഐയിൽ ചേർന്ന ഇവരെ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ സ്വീകരിച്ചു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ് കുമാർ, കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ. ഉഷ, വെള്ളോറ രാജൻ, കെ.വി. പ്രശോഭ് എന്നിവർ സ്വീകരണച്ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.