അ​ഴീ​ക്ക​ല്‍ ഹാ​ര്‍ബ​റി​ലെ​ത്തി​ച്ച മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ത്തി​യ​പ്പോ​ൾ

അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യബന്ധനബോട്ട് കത്തിനശിച്ചു

കണ്ണൂർ: അഴീക്കല്‍ ഹാര്‍ബറിലെത്തിച്ച മത്സ്യബന്ധനബോട്ട് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.55 ഓടെയാണ് അപകടം. കൊച്ചി മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിന് എത്തിയതായിരുന്നു ബോട്ട്. വ്യാഴാഴ്ച രാത്രി കടലില്‍ വെച്ച് സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് അഴീക്കല്‍ ഹാര്‍ബറിലെത്തിച്ചത്. പുലര്‍ച്ചെയോടെ ബോട്ടില്‍നിന്ന് തീപടരുകയായിരുന്നു.

എൻജിനില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയറുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് അഗ്നിബാധക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്നതിനെത്തുടര്‍ന്ന് ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ അനിലിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. സമീപത്തുതന്നെ ഡീസല്‍ ടാങ്കുകളും ഗ്യാസ് സിലിണ്ടറുകളുമുണ്ടായിരുന്നു.

ഇവ മാറ്റിയതിനാലും സംഭവസമയം ബോട്ടില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാലും അപകടമൊഴിവായി. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. സീനിയര്‍ ഫയര്‍ ഓഫിസര്‍ സിനോജ്, സേനാംഗങ്ങളായ ജിതിന്‍ദാസ്, പ്രിയേഷ്, ശിവപ്രസാദ്, രഞ്ജു, വിജോയ് പത്രോസ്, എം. രജീഷ്, കെ. വിഷ്ണു, തിമോഷ്, അനില്‍കുമാര്‍, നിജില്‍ എന്നിവരും രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Fishing boat catches fire in Azhikkal Harbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.