ഇരിട്ടി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും ആറളം പഞ്ചായത്ത് പ്രസിഡന്റുൾപെടെ ആറുപേർക്ക് മർദനം. യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൂതക്കുണ്ട് വാർഡിലെ കുരുക്കളെ വീട്ടിൽ റസീനയുടെ മാതാപിതാക്കളുടെ വോട്ട് തള്ളിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിനിടയാക്കിയത്. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇത് കൂട്ടിചേർക്കുന്നതിനായി മകൾ റസീന അപേക്ഷ നൽകുകയും രേഖകളുമായി ഓഫിസിൽ ഹാജരാകുകയുമായിരുന്നു. ഇതിനിടയിലാണ് സംഘർഷവുമുണ്ടായത്.
പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജെ. ജസിമോൾ, പഞ്ചായത്തംഗം ഷീബരവി, രജനി എന്നി എൽ.ഡി.എഫ് പ്രവർത്തകരെ ഇരിട്ടി അമല ആശുപത്രിയിലും പൊയിലൻ യസീദ്, കണ്ണിപോയിൽ റാഫി എന്നി യു.ഡി.എഫ് പ്രവർത്തകര തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എടൂരിലെ കോൺഗ്രസ് ഓഫിസിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്. പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കളെ അക്രമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് എടൂർ ടൗണിൽ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പരാജയഭീതി പൂണ്ട എൽ.ഡി.എഫ് ആറളത്ത് അക്രമവും ഭീതിയും പരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നേതാക്കളായ വി.ടി. തോമസ്, കെ. വേലായുധൻ, സാജു യോമസ്, അജ്മൽ ആറളം, ജോസ് അന്ത്യാക്കുളം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വോട്ടർപട്ടിക അട്ടിമറിക്കുന്നതിന് യു.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.