ദേശീയപാതയിൽ അഴിയാക്കുരുക്ക്; ബസുകൾക്ക് ഓടിയെത്താൻ പെടാപ്പാട്

കണ്ണൂർ: റോഡിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം ദേശീയ പാതയിലൂടെ ഓടിയെത്താനാവാതെ ബസുകൾ പരക്കം പായുമ്പോൾ ദുരിതത്തിലായത് തൊഴിലാളികൾ. കാഞ്ഞങ്ങാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിലാണ് പലയിടത്തും വലിയ ഗതാഗതക്കുരുക്കുള്ളത്. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ പഴയപോലെ ഓടാനാവുന്നില്ല. ചെറിയ സമയ വ്യത്യാസത്തിലാണ് ബസുകൾ ഓടുന്നത്. അതിനിടെ കുരുക്കിൽപ്പെട്ടാൽ പിന്നെ പറയേണ്ട. അടുത്ത ട്രിപ്പ് മുടങ്ങും. നഷ്ടം ഉടമകൾക്ക്.

താൽക്കാലികമായുണ്ടാക്കിയ റോഡ് എല്ലായിടത്തും പാടേ തകർന്നിരിക്കയാണ്. കണ്ണൂർ ഭാഗത്തുനിന്നും പയ്യന്നൂർ, കാസർക്കോട് ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ബസുകൾ പലയിടത്തും കുരുക്കിൽപ്പെട്ടാണ് ട്രിപ് നടത്തുന്നത്. പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം പാലം വരെ വലിയ കുരുക്ക് പതിവാണ്. ചില ദിവസങ്ങളിൽ പാലത്തിലും കെണിയും. ഇനി പാലം കടന്നാലോ കളരിവാതുക്കൽ സ്റ്റോപ് മുതൽ പുതിയതെരു തീരുംവരെ ഏറെ നേരം കുരുക്കിലാവും. ചിലപ്പോഴെല്ലാം ഉൾറോഡു വഴി കറങ്ങിത്തിരിഞ്ഞാണ് കണ്ണൂരിലെത്തുക.

തലശ്ശേരി-കോഴിക്കോട് റൂട്ടിലാണെങ്കിൽ താഴെ ചൊവ്വ, മേലേ ചൊവ്വ, ചാല എന്നിവിടങ്ങളിലാണ് മണിക്കൂറുകളോളം കുരുക്കനുഭവപ്പെടുന്നത്. അടുത്ത ട്രിപ്പ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടേണ്ട സമയം കഴിഞ്ഞാലും അവിടേക്ക് എത്താറില്ല. സമയം വൈകുന്നതിനാൽ മിക്ക ദിവസവും ട്രിപ് റദ്ദാക്കേണ്ട അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കോഴിക്കോടേക്കും കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്കും കാഞ്ഞങ്ങാട്ടേക്കും കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കും പോകുന്ന ബസുകൾക്ക് ഗതാഗത കുരുക്കിൽ അകപ്പെട്ട് മിക്ക ദിവസവും ഒന്നോ രണ്ടോ ട്രിപ്പ് റദ്ദാക്കേണ്ട അവസ്ഥ പോലും ഉണ്ടാവാറുണ്ട്.

സമയം കഴിഞ്ഞ് ഓടിയാൽ മറ്റു വണ്ടിക്കാരുമായുള്ള പ്രശ്നം വേറെ. ഭക്ഷണം കഴിക്കാനും മൂത്രമൊഴിക്കാനും സമയമില്ലാതെ പരക്കം പായേണ്ട സ്ഥിതിയാണ് റോഡിലെ കുരുക്കുണ്ടാവുന്ന ദിനങ്ങളിൽ തൊഴിലാളികൾ അനുഭവിക്കുന്നത്. ട്രിപ് റദ്ദായാൽ മുഴുവൻ കൂലി പോലും കിട്ടാത്ത സ്ഥിതിയുണ്ട്. ഇതു കാരണം ചിലരെല്ലാം പണി നിർത്തുകയും ചെയ്തു. കുരുക്കിൽപ്പെട്ടാൽ ട്രെയിൻ കിട്ടാൻ വൈകുമെന്ന് പറഞ്ഞും ഓടിയെത്താൻ പാടുപെടുമ്പോൾ വേഗം കൂടിയെന്ന് പറഞ്ഞും യാത്രക്കാർ പഴി പറയുന്നതും ഡ്രൈവർമാർ കേൾക്കണം. മറ്റു വാഹനങ്ങൾ മറികടന്നാൽ അവരുടെ വക തെറി വിളിയും. പിന്നാലെ അമിത വേഗവും ഗതാഗത നിയമ ലംഘനവുമെല്ലാം പറഞ്ഞ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വലിയ പിഴയും. ചിലപ്പോൾ തുച്ചമായ കൂലിയിൽ നിന്നെടുത്ത് പിഴയടക്കേണ്ടിയും വരും.

മിനിറ്റുകളുടെ വ്യത്യാസത്തിൽ ലിമിറ്റഡും ടൗൺ ടു ടൗണും ഓർഡിനറിയുമെല്ലാം ഓടിയെത്തണം. ഉൾപ്രദേശ റൂട്ടിലെ വാഹനങ്ങൾക്കൊഴികെ ദേശീയ പാത വഴി കടന്നു പോകുന്ന ബസുകൾക്കെല്ലാം സമയം വലിയ പ്രശ്നമാണ്. ഡ്രൈവർമാരാണെങ്കിൽ മാനസകമായും ശാരീരികമായും വലിയ പ്രയാസമനുഭവിക്കുകയാണ്. അപകടം സംഭവിച്ചാൽ വേറെയും ദുരിതങ്ങൾ പേറണം. വലിയ ടാങ്കർ ലോറികളടക്കം പകൽ സമയത്ത് നിരത്തിലിറങ്ങുന്നതും ബസ്സുകൾക്ക് തടസ്സമാവുന്നുണ്ട്. മന്ത്രിമാരുടെ പരിപാടികളും രാഷ്ട്രീയ പാർട്ടികളുടെ വലിയ പരിപാടികളും നടക്കുന്നുണ്ടെങ്കിൽ അത്തരം ദിനങ്ങളിൽ മണിക്കുറുകളോളം നഗരത്തിലടക്കം ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്. കുരുക്ക് കാരണം ബസുകൾക്ക് ട്രിപ്പ് നഷ്ടമാവുന്നതുൾപ്പെടെ വലിയ പ്രശ്നങ്ങൾ നേരിടുകയാണെന്നും ഗതാഗത കുരുക്കഴിക്കാൻ അധികൃതർ തയാറാവുന്നില്ലെങ്കിൽ ബസ് സർവീസ് നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്നും ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജ്കുമാർ കരുവാരത്ത് മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - Buses struggle to get through the national highway due to traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.