പാളത്തിൽ ശ്രദ്ധ പാളരുത്

കണ്ണൂർ: റെയിൽ പാളത്തിൽ പൊഴിയുന്ന ജീവനുകൾ നൊമ്പരക്കാഴ്ചയാവുകയാണ്. ചെറിയൊരു അശ്രദ്ധ മതി ജീവിതവും ജീവനും നഷ്ടമാകാൻ. ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ വർധിക്കുകയാണ്. രണ്ടുപേരാണ് ജില്ലയിൽ ശനിയാഴ്ച ട്രെയിനിടിച്ച് മരിച്ചത്. സ്കൂൾ ബസിലേക്ക് കയറാനായി രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റ് മുറിച്ചുകടക്കവെയാണ് പരശുറാം എക്സ്പ്രസ് ഇടിച്ച് പ്ലസ്‍വൺ വിദ്യാർഥിനി നന്ദിത മരിച്ചത്. പുലർച്ച അമ്പലത്തിലേക്ക് പോയ എടക്കാടപ്പൻ സർവിസ് സഹകരണ ബാങ്ക് തോട്ടട ബ്രാഞ്ച് മാനേജർ എം.സി. മധുവിനെ നടാലിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

നടാൽ വായനശാലക്ക് സമീപം സഹപ്രവർത്തകർക്കൊപ്പം പാളം മുറിച്ചുകടക്കവെ ബീഡിത്തൊഴിലാളിയായ വീട്ടമ്മക്കും പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വയോധികനും ജീവൻ നഷ്ടമായത് ഒരു മാസത്തിനിടയിലാണ്. ബീഡിക്കമ്പനിയിൽനിന്ന് വരുന്ന വീട്ടമ്മയെ ട്രെയിനിടിച്ചത് ഇവർ ജോലി കഴിഞ്ഞ് സ്ഥിരം വരുന്ന വഴിയിലാണ്. വണ്ടി വരുന്നതുകണ്ട് മറ്റുള്ളവർ പിന്നിലേക്ക് മാറിയപ്പോൾ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.

ട്രെയിൻ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങൾക്കും പിന്നിൽ. കാഴ്ചയിൽ ദൂരെയായി തോന്നുന്ന ട്രെയിൻ പാളത്തിലൂടെ നമ്മുടെ അടുത്തെത്താൻ നിമിഷനേരം മാത്രം മതി. ഒന്നു കുതറിമാറാൻ പോലും സമയം നൽകാതെ എല്ലാം അവസാനിച്ചിരിക്കും.

കുടയും ബാഗും ശ്രദ്ധിക്കണം

രണ്ടാഴ്ച മുമ്പ് കൊയിലാണ്ടിയിൽ അധ്യാപികയായ അമ്മയോടൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന 11കാരൻ ട്രെയിനിന് അടിയിലായത് കുടയിൽ കാറ്റുപിടിച്ചതിനാലാണ്. വേഗത്തിൽ പോകുന്ന ട്രെയിനിനടുത്ത് കുടപോലെ കാറ്റുപിടിക്കുന്ന വസ്തുക്കളുമായി നിൽക്കരുത്. മഴക്കോട്ടിലും കാറ്റുപിടിച്ച് നമ്മെ ട്രെയിനിലേക്ക് അടുപ്പിച്ചേക്കാം.

ബാഗ്, വസ്ത്രം തുടങ്ങിയവ ട്രെയിനിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളിൽ കുടുങ്ങി ആളുകളെയും വലിച്ചുകൊണ്ടുപോകുന്നതും നിത്യസംഭവമാണെന്ന് ട്രാക്കിൽ ജോലിചെയ്യുന്ന റെയിൽവേ ജീവനക്കാർ പറയുന്നു. പാളത്തിലെ സാഹസിക സെൽഫിയെടുപ്പും വിഡിയോ ചിത്രീകരണവും ചെറുപ്പക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ‌ട്രെയിന്‍തട്ടി പുഴയിൽവീണ് വിദ്യാര്‍ഥിനി മരിച്ചത് രണ്ടു മാസം മുമ്പാണ്.

പാളം നടക്കാനുള്ളതല്ല

റെയിൽവേ ട്രാക്കിലൂടെയുള്ള യാത്ര ശിക്ഷാർഹമാണ്. ഇതിനെതിരെ റെയിൽവേക്ക് കേസെടുക്കാം. മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ പാളം മുറിച്ചുകടക്കാനും പാടില്ല. പാളത്തിന് സമീപം വീടുകളുള്ളവർ മിക്കപ്പോഴും പാളത്തിലൂടെയാണ് യാത്ര. മാനുഷിക പരിഗണനവെച്ച് റെയിൽവേ പാളത്തിലൂടെ നടക്കുന്നവർക്കെതിരെ കർശന നടപടിയൊന്നും എടുക്കാറില്ല. വേഗത്തിൽ പോകുന്ന ട്രെയിൻ വാക്വംമെഷീൻ പോലെ പ്രവർത്തിക്കും. പാളത്തിന് അടുത്തുള്ള വസ്തുക്കളെ ട്രെയിനിലേക്ക് വലിച്ചടുപ്പിക്കും.

ചവിട്ടുപടിയിൽ ഇരുന്നു യാത്രചെയ്യുന്നവരും വാതിലിൽ നിൽക്കുന്നവരും വീഴുമ്പോൾ വണ്ടിക്കടിയിലേക്കു പോകുന്നതിനുള്ള കാരണവും ഇതാണ്. ഒന്നിലേറെ ട്രെയിനുകൾ കടന്നുപോകുന്ന സമയമാണെങ്കിൽ അപകടസാധ്യത ഏറെയാണ്. ഒരു ട്രെയിൻ പോയ ശബ്ദത്തിൽ അടുത്ത ട്രാക്കിലൂടെയെത്തുന്ന വണ്ടിയുടെ ഹോണോ ശബ്ദമോ ശ്രദ്ധയിൽപെടില്ല. ഡീസൽ എൻജിൻ മാറി ഇലക്ട്രിക് ലോക്കോ വന്നതോടെയും പാളങ്ങൾ പുതിയതായതോടെയും ട്രെയിനിന്റെ ശബ്ദം വളരെ കുറഞ്ഞിട്ടുണ്ട്.

സ്കൂൾ ബസിൽ കയറാൻ റെയിൽപാളം മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മരിച്ച നന്ദിത പി. കിഷോറിന്റെ ചെരിപ്പ് റെയിൽപാളത്തിനരികിൽ

പാളത്തിനു സമീപം ആളുകളെ കണ്ടാൽ ലോക്കോ പൈലറ്റ് ഹോൺ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഒന്നിലേറെ ട്രെയിൻ ഒന്നിച്ചുവരുമ്പോൾ പലേപ്പാഴും ട്രാക്കിൽ കുടുങ്ങിയവർ ആശയക്കുഴപ്പത്തിലാവും. പെട്ടെന്ന് രക്ഷപ്പെടാനായി മറ്റൊരു ട്രാക്കിലേക്ക് കയറുമ്പോൾ അതുവഴിയെത്തുന്ന വണ്ടി തട്ടുന്നതും നിത്യസംഭവമാണ്.

നന്ദിത പിടഞ്ഞത് കൺമുന്നിൽ; ഇനി ലിസി തനിച്ച്

കണ്ണൂർ: സ്കൂൾ ബസ് വിട്ടുപോകുമോ എന്ന ആശങ്കയിലാണ് റെയിൽവേ ഗേറ്റും കടന്ന് നന്ദിത പാഞ്ഞത്. അരമണിക്കൂറിലേറെ വൈകി ആർത്തലച്ചുവന്ന പരശുറാം എക്സ്പ്രസ് ഒരു നോട്ടം കണ്ടെങ്കിലും ഓടിമാറാനാവുമെന്ന ഉറപ്പിലായിരിക്കണം ആ പാച്ചിൽ.

പാളത്തിന് ഇപ്പുറമെത്തിയെങ്കിലും ബാഗിൽ ട്രെയിൻ ഉടക്കി. വണ്ടിയുടെ അരികിലിടിച്ച് തെറിച്ച് കല്ലിൽ തലതട്ടി ഉള്ളുലക്കുന്ന കാഴ്ചയിൽ ചോരവാർന്ന് ട്രാക്കിന് സമീപം നന്ദിത കിടന്നു. അമ്മയും നാട്ടുകാരും ഓടിയെത്തി കണ്ണൂരിലെയും ചാലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞദിവസം വൈകിയതിനാൽ സ്കൂൾ ബസ് നഷ്ടമായ നന്ദിത ഓട്ടോറിക്ഷയിലാണ് സ്കൂളിലെത്തിയത്.

ശനിയാഴ്ചയും ബസ് നഷ്ടമാകുമോ എന്ന ആകുലതയിലാണ് അമ്മയുടെ കാറിൽനിന്ന് പാളം മുറിച്ചുകടന്ന് ബസിനടുത്തേക്ക് എത്താൻ ശ്രമിച്ചത്. നന്ദിതയെ സാധാരണ അമ്മയാണ് വീട്ടിൽ നിന്നും കാറിൽ സ്കൂൾ ബസിനടുത്തേക്ക് കൊണ്ടുപോകാറുള്ളത്. സാധാരണ ഏഴിന് ചിറക്കൽ കടന്നുപോവേണ്ട പരശുറാം ശനിയാഴ്ച അരമണിക്കൂറിലേറെ വൈകി 7.30ന് ശേഷമാണ് എത്തിയത്. ലിസിയും മകളുമെത്തിയപ്പോൾ റെയിൽവേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകൾ ഇറങ്ങിയ ശേഷം ലിസി ഗേറ്റ് തുറക്കാനായി വണ്ടിയിൽ തന്നെ കാത്തിരുന്നു. ഈ സമയത്ത് നന്ദിത ബസിനടുത്തേക്ക് വേഗത്തിൽ പായുന്നതാണ് സി.സി ടി.വി ദൃശ്യങ്ങളിലുള്ളത്.

ലിസിയുടെ ഭർത്താവ് കിഷോർ അസുഖത്തെ തുടർന്ന് മൂന്നു വർഷം മുമ്പാണ് മരിച്ചത്. നന്ദിതയെ കൂടി മരണം കൊണ്ടുപോയതോടെ ലിസി ജീവിതത്തിൽ തനിച്ചായി.

പായുന്നത് 110 കി.മീ വേഗത്തിൽ

പാലക്കാട് ഡിവിഷനിൽ പോത്തന്നൂർ ജങ്ഷൻ മുതൽ മംഗളൂരുവരെ 110 കി.മീ വേഗത്തിലാണ് ട്രെയിനുകൾ ഓടുന്നത്. അടുത്ത ഘട്ടത്തിൽ ഇത് 130 കി. മീറ്ററാവും. 100 കിലോമീറ്ററിലധികം വേഗത്തിലാണ് ഓരോ ട്രെയിനും അതിവേഗത്തിൽ പാളത്തിലൂടെ കടന്നുപോകുന്നത്.

ഈ വേഗത്തിലുള്ള ട്രെയിൻ ഇടിയുടെ ആഘാതം ഏകദേശം 25 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് വീഴുന്നതിന് സമാനമാണ്. റെയിൽവേ ട്രാക്കിനോട് ചേർന്ന ഉരുളൻ കരിങ്കൽതിട്ട നടന്നുപോകാൻ പാകത്തിലുള്ളതല്ല. വണ്ടി വരുമ്പോൾ തെന്നിമാറാമെന്ന തോന്നൽ വെറുതെയാണ്.

Tags:    
News Summary - Be carefull at railway line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.