ആറളം വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിൽ
കേളകം: ആറളം പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുമ്പോൾ ഡസൻ കണക്കിന് കാട്ടാനകൾ മേഖലയിൽ മതിച്ച് മേയുകയാണ്.
മുമ്പ് ആറളം ഫാം ബ്ലോക്ക് 10ൽ അനീഷിനെ ആന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് അടുത്തെത്തിയിട്ടും ആനമതിലിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. 10.50 കിലോമീറ്റർ ആനമതിൽ നിർമാണം ഏകദേശം പകുതി ദൂരമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്.
മഴ ആരംഭിക്കുന്നതോടെ നിർമാണം വീണ്ടും നിലക്കുന്നതോടെ ആനമതിൽ എന്ന പുനരധിവാസ മേഖലയുടെ സ്വപ്നം വീണ്ടും നിലക്കും. രണ്ട് വർഷത്തിലധികം മുമ്പ് ആരംഭിച്ച ആനമതിൽ നിർമാണത്തിന്റെ കരാറുകാരൻ കാസർകോട് സ്വദേശിയെ നിർമാണത്തിൽനിന്നും പുറത്താക്കിയശേഷം വന്ന പുതിയ കരാറുകാരനും അതേ നിലതന്നെ തുടരുകയാണ്. വയനാട് സ്വദേശിക്കാണ് പുതിയ കരാർ.
ആനമതിൽ നിർമാണം തുടങ്ങിയശേഷം മൂന്ന് ജീവനുകളാണ് മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. മതിൽനിർമാണം വൈകിയാൽ മേഖലയിൽ വീണ്ടും അത്യാഹിതങ്ങൾ സംഭവിക്കും എന്ന ആശങ്കയിലാണ് ജനം.
മേയ് 31നുള്ളിൽ ആറളത്തെ ആനമതിൽ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയെങ്കിലും നിർമാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും നാട്ടുകാരും പറയുന്നു.
ഒന്നര ദശകമായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് വനാതിർത്തിയിൽ ആനമതിൽ നിർമാണം ആരംഭിച്ചത്. മതിൽ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കലക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപവത്കരിച്ചിരുന്നു.
എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽനിർമാണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. നടപടികൾ ഇഴയുന്നതിനാൽ ആനമതിൽ എന്ന് പൂർത്തിയാകുമെന്നതും കണ്ടറിയണമെന്നതാണ് നിലവിലെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.