ഇവിടെയുണ്ട്; വെടിയുണ്ട പേറുന്ന ഡെയ്ഞ്ചർ കമ്യൂണിസ്​റ്റ്​ കാവുമ്പായി രക്തസാക്ഷിത്വം 74ാം വാർഷികം ഇന്ന്

ശ്രീകണ്​ഠപുരം: കാലത്തി​ൻെറ ചുവരുകളിൽ രക്തചരിത്രം രചിച്ച കാവുമ്പായിയുടെ മണ്ണിന് കർഷക സമരത്തി‍ൻെറ മറക്കാനാവാത്ത അധ്യായമാണ് പറയാനുള്ളത്. ജന്മിത്തത്തിനെതിരെ പോരാടിയ അഞ്ച് കമ്യൂണിസ്​റ്റ്​ സമര സഖാക്കളുടെ ചോരചിന്തിയ ചരിത്രം വിളിച്ചുപറയാൻ ഓർമകളുടെ കടലിരമ്പവുമായി ഒരു ഡെയ്ഞ്ചർ കമ്യൂണിസ്​റ്റ്​ ഇവിടെയുണ്ട്. കാലിൽ അന്ന് തറച്ച വെടിയുണ്ടയുംപേറി കാവുമ്പായിലെ ഇ.കെ. നാരായണൻ നമ്പ്യാരാണ് (96) ചരിത്ര സത്യം മങ്ങാത്ത വീര്യത്തോടെ പറയുന്നത്. 1946 ഡിസംബർ 30നാണ്​​ കാവുമ്പായി സമരക്കുന്നിൽ അഞ്ച് കർഷക പോരാളികൾ വെടിയേറ്റ് വീണത്. കരക്കാട്ടിടം ജന്മിയുടെ ഒത്താശക്കാരും എം.എസ്.പി സംഘവും കർഷക സമരക്കാരെ നിരന്തരം വേട്ടയാടി. വാരിക്കുന്തവുമായി കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. നിരവധി പേർ ഒളിവുജീവിതം നയിക്കേണ്ടി വന്നു. സമരപോരാളികളായ പി. കുമാരൻ, പുളുക്കൂൽ കുഞ്ഞിരാമൻ, തെങ്ങിൽ അപ്പ നമ്പ്യാർ, മഞ്ഞേരി ഗോവിന്ദൻ നമ്പ്യാർ, ആലോറമ്പൻ കണ്ടി കൃഷ്​ണൻ എന്നിവരെയാണ് ജന്മിത്ത ഭീകരതയുടെ ഭാഗമായി എം.എസ്.പി സംഘം കാവുമ്പായി സമരക്കുന്നിൽ വെടിവച്ച് കൊന്നത്. 180 പ്രതികൾ കാവുമ്പായി സമര വെടിവെപ്പു കേസിലുണ്ടായിരുന്നു. 105 പേരെ പിടികൂടി ശിക്ഷിച്ചു. തീവെപ്പ് കേസ്, ആനക്കാരൻ കൊലക്കേസ്, കേളം കോട്ട വെടിവെപ്പ് കേസ് എന്നിവയും സേലം ജയിൽ വെടിവെപ്പും കാവുമ്പായി സമരത്തി​ൻെറ തുടർച്ചയായിരുന്നു. കാവുമ്പായി സമരത്തെ തുടർന്ന് നിരവധി പേരെ വേട്ടയാടി പിടികൂടിയതിനിടെയാണ് ഇ.കെ. നാരായണൻ നമ്പ്യാരും പൊലീസി​ൻെറ പിടിയിലായത്. ആദ്യം തളിപ്പറമ്പ്, കോഴിക്കോട് സബ് ജയിലുകളിലും, ശിക്ഷ വിധിച്ച ശേഷം വെല്ലൂർ, സേലം ജയിലുകളിലും കഴിയേണ്ടിവന്ന വിപ്ലവകാരിയാണ് ഇദ്ദേഹം. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ നടന്ന പൊലീസ് വെടിവെപ്പിൽ നാരായണന് വെടിയേറ്റു. സെല്ലിനകത്ത് മുദ്രാവാക്യം വിളിച്ചതിന് നിരായുധരായ സമര നായകർക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പിതാവ് തളിയൻ രാമൻ നമ്പ്യാരടക്കം 22 കർഷക പോരാളികൾ ജയിലിനകത്ത് വെടിയേറ്റ് തത്ക്ഷണം മരിച്ചുവീണ ദുരന്തക്കാഴ്ച നാരായണൻ നമ്പ്യാർ നേരിൽ അനുഭവിക്കേണ്ടി വന്നു. 148 പേർക്ക് അന്ന് പരിക്കേറ്റു. അന്ന് തറച്ച വെടിയുണ്ടയുടെ ചീളുകൾ ഇന്നും നാരായണൻ നമ്പ്യാരുടെ കാലിൽ കാണാനുണ്ട്. വെടിവെപ്പിനു ശേഷം പരിക്കേറ്റവർക്ക് നാമമാത്ര ചികിത്സ നൽകി. തുടർന്ന് സേലം ജയിലിൽ മറ്റൊരു സെല്ലിൽ നാരായണനടക്കമുള്ളവരെ പാർപ്പിച്ചു. സെല്ലിന് ഡെയ്ഞ്ചർ കമ്യൂണിസ്​റ്റ്​ എന്ന ബോർഡും സ്ഥാപിച്ചിരുന്നു. 1952ൽ നാരായണനടക്കമുള്ളവരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. ഏറെ കാലത്തിനു ശേഷം തടവിൽ നിന്നു മോചനം ലഭിച്ചു. ജീവിത സായന്തനത്തിലും ജന്മി-നാടുവാഴി കർഷക പോരാട്ട ചരിത്രം ഓർമകളുടെ തീക്കനലായി പേറുകയാണ് ഇ.കെ. നാരായണൻ എന്ന വിപ്ലവകാരി. പി. മനൂപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.