പാവപ്പെട്ടവർക്കുള്ള റേഷൻ കാർഡ് ഉപയോഗിച്ച 20 സമ്പന്നർ കുടുങ്ങി

ശ്രീകണ്​ഠപുരം: വ്യാപകമായി അന്ത്യോദയ, മുൻഗണന, സബ്‌സിഡി കാർഡുകൾ അനധികൃതമായി കൈവശംവെക്കുകയും ആനുകൂല്യങ്ങൾ പറ്റുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടങ്ങി. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ ടി.ആർ. സുരേഷി​‍ൻെറ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭയിലെ ചെമ്പന്തൊട്ടി, കരയത്തുംചാൽ മേഖലകളിൽ നടത്തിയ പരിശോധനയിൽ നിരവധി അന്ത്യോദയ, മുൻഗണന, സബ്‌സിഡി കാർഡുകൾ പിടിച്ചെടുത്തു. 20 സമ്പന്നരാണ് തട്ടിപ്പ് കാട്ടിയതെന്ന് അധികൃതർ പറഞ്ഞു. കൂറ്റൻ വീടുകളും വാഹനങ്ങളുമുള്ളവർപോലും വരുമാനം കുറച്ചുകാണിച്ച് മുൻഗണന വിഭാഗം കാർഡ് സ്വന്തമാക്കുകയായിരുന്നു. പല സമ്പന്നരുടെയും വീടുകളിലെ കാർഡ് മുൻഗണന വിഭാഗത്തിൽപ്പെട്ടതുകണ്ട് അധികൃതർ അമ്പരന്നുപോയി. വിദേശങ്ങളിലടക്കം ജോലി ചെയ്യുന്നവരുടെ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ പിഴയും ഒരുവർഷം തടവുമാണ് ഇതിനുള്ള ശിക്ഷ. വരും ദിവസങ്ങളിലും പരിശോധന വ്യാപകമാക്കുമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. ഈ മാസം 15നകം നേരിട്ട് ഹാജരായി കാർഡ് തിരുത്തുന്നവരെ ശിക്ഷയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.