കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ 14 സ്ഥാപനങ്ങൾ പൂട്ടി സീൽവെച്ചു

തലശ്ശേരി: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ സ്ഥാപന ഉടമകൾ തടഞ്ഞതിനെ തുടർന്ന് കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിൽ സംഘർഷം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിവിധങ്ങളായ 22 ചെറുകിട വ്യവസായ സംരംഭങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 14 ഓളം സ്ഥാപനങ്ങൾ അവർക്ക് അനുവദിച്ച സ്ഥലത്തിനുപുറമെ തൊട്ടുള്ള ഭാഗം കൂടി കൈയേറി സ്വന്തമാക്കിയതായി നഗരസഭ റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു വർഷത്തിലേറെയായി സ്ഥാപനങ്ങളുടെ വാടകയും ഡെപ്പോസിറ്റും കുടിശ്ശികയായിട്ടുണ്ട്. ഇത് തീർത്തടക്കണമെന്നും കൈയേറിയ സ്ഥലത്തുനിന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥർ നേരിട്ടും നോട്ടീസ് മുഖേനയും കച്ചവടക്കാരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കുടിശ്ശിക അടക്കാനോ പിന്മാറാനോ കച്ചവടക്കാർ തയാറായില്ല. ഇതേത്തുടർന്നാണ് തിങ്കളാഴ്ച രാവിലെ പൊലീസ് സഹായത്തോടെ നഗരസഭ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. അനധികൃത കൈയേറ്റം ഉദ്യോഗസ്ഥർ നീക്കം ചെയ്യാൻ തുടങ്ങിയതോടെ സ്ഥാപന ഉടമകൾ തടഞ്ഞു. തുടർന്ന് വാക്കേറ്റവും സംഘർഷവുമുണ്ടായി. സ്ഥലം കൈയേറ്റവും കുടിശ്ശികയും വരുത്തിയ 14 സ്ഥാപനങ്ങൾ അധികൃതർ പൂട്ടി സീൽവെച്ചു. വാടക കുടിശ്ശിക തീർത്തടക്കുകയും കൈയേറ്റം ഒഴിയുകയും ചെയ്താൽ സ്ഥാപനം തുറന്നുകൊടുക്കുമെന്ന് നഗരസഭ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പടം.... തലശ്ശേരി കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനങ്ങൾ പൂട്ടി സീൽവെച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.