ഡി.വൈ.എഫ്​.ഐ സംഘടനാ റിപ്പോർട്ട്​: 'സ്വർണക്കടത്ത് തൊഴിലില്ലായ്മയുടെ സൃഷ്​ടി'

കണ്ണൂർ: സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷൻ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്​ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോൽപന്നങ്ങളുമാണെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. യുവാക്കൾക്ക്​ തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത്​ സംഘത്തിൽനിന്ന്​ സ്വർണം തട്ടിയെടുക്കുന്ന 'സ്വര്‍ണം പൊട്ടിക്കല്‍' സംഘങ്ങളിൽവരെ യുവാക്കള്‍ ചേക്കേറുന്ന സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച്​ നടന്ന സ്വർണക്കടത്ത്​ കേസിലെ പ്രതികളുമായി കണ്ണൂർ ജില്ലയിലെ ഡി.വൈ.എഫ്​.ഐ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള ബന്ധം പാർട്ടിയിൽ ഏറെ ചർച്ചക്ക്​ വഴിയൊരുക്കിയിരുന്നു. കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണവും കുഴൽപണവും തട്ടിയെടുക്കുന്നതിന് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക്​ ഡി.വൈ.എഫ്​.ഐയുമായി ബന്ധ​മുണ്ടായിരുന്നു. ആയങ്കിയും സംഘവും ഉപയോഗിച്ചിരുന്ന കാർ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സ​ജേഷിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇത്​ ഡി.വൈ.എഫ്​.ഐക്കും സി.പി.എമ്മിനും ഏ​റെ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ്​ സ്വർണക്കടത്ത്​ വിഷയം ഡി.വൈ.എഫ്​.ഐ സംഘടനാ റിപ്പോർട്ടിൽ ഇടംപിടിച്ചത്​. തൊഴിലില്ലായ്മ വലതുപക്ഷ വ്യതിയാനം മൂലമുള്ള സാമ്പത്തിക നയങ്ങളുടെ ഉപോൽപന്നങ്ങളാണെന്നും ഇതിനെ ചെറുക്കാന്‍ പന്തം കൊളുത്തി പ്രകടനം പോരെന്നും മഹാസമരങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വലതുപക്ഷ വ്യതിയാനത്തെ ചെറുക്കാന്‍ നാളുകള്‍ നീളുന്ന കാമ്പയിന്‍ നടത്താന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്​. സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കണം. പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പദ്ധതിയുടെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്തണം. തുടര്‍ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കമാണ് മഴവില്‍ സഖ്യത്തിലൂടെ സില്‍വര്‍ലൈനിന് എതിരായ സമരം. ഡി.വൈ.എഫ്.ഐക്ക്​ സ്വതന്ത്ര വ്യക്തിത്വമാണ്. എന്നാല്‍, നിലവിലെ ഇടതുസര്‍ക്കാറിന്റെ ജനകീയ ബദലിനെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. -പി.വി. സനൽകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.