ഇരിട്ടി: കാലിത്തീറ്റ വിലവർധനക്കൊപ്പം, കർണാടകത്തിൽനിന്നുള്ള വയ്ക്കോലിനും വില കുത്തനെ കൂടിയതോടെ ജില്ലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരുകെട്ട് വയ്ക്കോലിന് കർണാടകത്തിൽ അഞ്ചുരൂപ മുതൽ എട്ടുരൂപ വരെയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 17 രൂപയായിരുന്നു ഒരുകെട്ട് വയ്ക്കോലിന്റെ വില. ഇക്കുറി 21 രൂപ മുതൽ 25 വരെ നൽകണം. കർണാടകത്തിലെ കൃഷിയിടത്തിൽ നൽകേണ്ട വിലയാണിത്. ഇത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുമ്പോഴേക്കും ഒരു കെട്ടിന് 41 മുതൽ 45 രൂപ വരെയായി ഉയരും. പൊട്രോളിന്റെയും ഡീസലിന്റെയും വില വർധനമൂലം ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ജില്ലയിൽ വയ്ക്കോൽ കൂടുതലായും എത്തുന്നത് കുടക്, മൈസൂരു, ഹുൻസൂർ, ഹാസൻ, കെ.ആർ നഗർ മേഖലകളിൽ നിന്നാണ്. കർണാടകത്തിൽ ഗോവധ നിരോധനം കർശനമാക്കിയതോടെ ആഭ്യന്തര ഉപഭോഗത്തിൽ വലിയ വർധനവുണ്ടായി. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാൻ കൂടുതൽ മലയാളികൾ കർണാടകത്തിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നതും വയ്ക്കോലിന് ഡിമാൻഡ് കൂട്ടി. വിത്ത് നടുമ്പോൾ ഇഞ്ചിത്തറക്ക് മുകളിൽ വിരിക്കുന്നതിന് ഏറെപ്പേരും വയ്ക്കോലിനെയാണ് ആശ്രയിക്കുന്നത്. ഒരു കാലത്ത് ആവശ്യക്കാരില്ലാതെ കൃഷിയിടത്തിൽ കൂട്ടി കത്തിച്ചിരുന്നതാണ് വയ്ക്കോൽ. ഡിമാൻഡ് വർധിച്ചതിനാൽ അധിക വരുമാനം ലഭിക്കുന്നതിന്റെ ആശ്വാസം കർണാടകത്തിലെ കർഷകരിൽ പ്രകടമാണ്. ബാവലി, മംഗളൂരു റൂട്ടുകളിലൂടെയാണ് ഇതുവരെ വ്യാപകമായി വയ്ക്കോൽ ജില്ലയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ഇരിട്ടിയിലും കൂട്ടുപുഴയിലും പുതിയ പാലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജില്ലയിലേക്കുവരുന്ന വയ്ക്കോലിന്റെ 70 ശതമാനവും ഇപ്പോൾ മാക്കൂട്ടം ചുരംപാത വഴിയാണ് എത്തുന്നത്. കർണാടകത്തിൽ വയ്ക്കോൽ കയറ്റുന്നതിന് അടുത്തകാലത്തായി വൻ കൂലി വർധനവാണ് ഉണ്ടായിരിക്കുന്നത്. വയ്ക്കോലിന്റെ വിലക്കുപുറമെ ഒരു ലോറിയിൽ ലോഡ് നിറക്കുന്നതിന് 13000ത്തോളം രൂപയും നൽകേണ്ടിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.