ഇരിട്ടിയിൽ പരാതി പരിഹാര അദാലത്ത്​

ഇരിട്ടി: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സദ്ഭരണ നിർവഹണം സാധ്യമാക്കുന്നതിനും ഇരിട്ടി നഗരസഭ നടത്തുന്ന പരാതി പരിഹാര അദാലത്തിന് ബുധനാഴ്ച തുടക്കമാകും. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതോടൊപ്പം പുതുതായി ലഭിക്കുന്ന പരാതികളും കാലതാമസം ഇല്ലാതെ തീർപ്പാക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും നിർദേശങ്ങളും സിറ്റിസൺ പോർട്ടലിലൂടെ നൽകുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. ഇതുവരെ ലഭിച്ചതും കെട്ടിക്കിടക്കുന്നതുമായ പരാതികളിൽ തീർപ്പ് കൽപിക്കുന്നതിന് നഗരസഭ തലത്തിൽ 20, 25, 30 തീയതികളിലാണ് അദാലത്ത് നടത്തുന്നത്. ബുധനാഴ്ച നടക്കുന്ന ആദ്യഅദാലത്തിൽ ആരോഗ്യവിഭാഗം തീർപ്പാക്കേണ്ട ഫയലുകളാണ് പരിഗണിക്കുക. 25ന് റവന്യൂ വിഭാഗത്തിന്റെയും 30ന് എൻജിനീയറിങ് വിഭാഗം തീർപ്പാക്കേണ്ട ഫയലുകളിലും അന്തിമ തീരുമാനം ഉണ്ടാക്കും. തുടർന്ന് വരുന്ന മാസങ്ങളിൽ ആദ്യ ബുധനാഴ്ച വാർഡ് തലത്തിൽ അദാലത്ത് നടത്തും. വാർഡ് അംഗങ്ങൾ, നഗരസഭയിലെ വിവിധ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുക്കും. വാർഡ് തലത്തിൽനിന്ന് ലഭിക്കുന്ന പരാതികളിൽ തുടർനടപടി സ്വീകരിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗത്തിൽ അവലോകനം നടത്തി ഫയലിൽ തീർപ്പുണ്ടാക്കും. അദാലത്തിൽ മുൻകൂട്ടി പരാതി നൽകുന്നതിനും അവസരം ഉണ്ടാകുമെന്ന് ചെയർപേഴ്‌സൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സെക്രട്ടറി കെ. അഭിലാഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.