തലശ്ശേരി: രണ്ടാഴ്ച നീണ്ട പിണറായി പെരുമ-2022 സർഗോത്സവം സമാപിച്ചു. പിണറായിയില്‍ പ്രത്യേകം ഒരുക്കിയ തുറന്ന വേദിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടുവര്‍ഷം പിണറായി പെരുമ നടക്കാതെ പോയതില്‍ തനിക്കും വിഷമമുണ്ടെന്നും ആ രണ്ടു വര്‍ഷവും മറ്റെല്ലാം മറന്ന് മനുഷ്യജീവിതങ്ങള്‍ രക്ഷിക്കുന്നതിലായിരുന്നു നമ്മുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. ജയരാജൻ, വി.എ. നാരായണന്‍, സി.എന്‍. ചന്ദ്രന്‍, കെ. ശശിധരന്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജീവന്‍, ഒ.വി. ജനാർദനൻ എന്നിവര്‍ സന്നിഹിതരായി. സംഘാടക സമിതി ചെയര്‍മാന്‍ കക്കോത്ത് രാജന്‍ സ്വാഗതവും പി.എം. അഖില്‍ നന്ദിയും പറഞ്ഞു. പിണറായി പെരുമ സർഗോത്സവം ഫെസ്റ്റിവല്‍ ഡയറക്ടര്‍ സൂര്യകൃഷ്ണമൂര്‍ത്തിക്ക് സംഘാടക സമിതി നല്‍കിയ സ്നേഹോപഹാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.വി. ഗോവിന്ദനും കൈമാറി. തുടര്‍ന്ന് സൂര്യകൃഷ്ണമൂര്‍ത്തി ആശയാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ച അഗ്നി-2 എന്ന മെഗാ സ്റ്റേജ്ഷോ അരങ്ങേറി. യുവജനങ്ങൾക്കായി തയാറാക്കിയ രണ്ടു മണിക്കൂര്‍ കലാപരിപാടി നൃത്തവും സംഗീതവും കോര്‍ത്തിണക്കി ഒരുക്കിയതാണ്. ദ ഫയര്‍ ഇന്‍ മ്യൂസിക് എന്ന വിശേഷണത്തോടെ രംഗത്തെത്തിയ അഗ്നി-2 മണ്‍മറഞ്ഞ സംഗീതകുലപതികളായ ആര്‍.ഡി. ബർമന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കുള്ള ആദരാര്‍പ്പണമായി. പതിനൊന്നായിരം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള സൂര്യകൃഷ്ണമൂര്‍ത്തിയുടെ 111ാമത്തേതും ഏറ്റവും പുതിയതുമായ കലാസൃഷ്ടിയാണ് അഗ്നി-2. മുമ്പ് പിണറായിയില്‍ അവതരിപ്പിച്ച അഗ്നി-1ന്‍റെ തുടര്‍ച്ചയാണിത്. മണക്കാട് ഗോപന്‍, സിയാവുള്‍ ഹഖ്, സിജുകുമാര്‍, ഗായത്രി, അനാമിക എന്നീ പ്രശസ്ത ഗായകരും രൂപ രവീന്ദ്രന്‍, നയന ജോണ്‍സണ്‍, നന്ദന, ശ്രീജിത്ത് ശിവാനന്ദന്‍, ലിതി, ആര്‍ദ്ര തുടങ്ങിയ നര്‍ത്തക പ്രതിഭകളും ശശി മലമാരി, ജയന്‍ മലമാരി, ഷിനു എന്നീ ഉപകരണ സംഗീത വാദകരും അഗ്നി-2നെ അവിസ്മരണീയാനുഭവമാക്കി. പടം..... പിണറായി പെരുമ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.