കോർപറേഷൻ ബജറ്റ്​; കുടിവെള്ളവും കൂരയുമൊരുക്കും

കണ്ണൂർ: കോർപറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന്​ ശാശ്വത പരിഹാരം കാണാൻ 12 കോടിയും സ്ഥലവും വീടും ഇല്ലാത്തവർക്ക്​ പാർപ്പിട സൗകര്യം ഒരുക്കാൻ 14 കോടിയും വകയിരുത്തി കോർപറേഷൻ ബജറ്റ്​. 285,03,47,565 രൂപ വരവും 279,16,94,000 രൂപ ചെലവും 69,00,42,976 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2022 -23 വർഷത്തെ ബജറ്റ്​ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ അവതരിപ്പിച്ചു. നഗരസഭയുടെ പൊളിച്ചുമാറ്റിയതിന്​ പകരമായുള്ള പുതിയ ടൗൺഹാൾ നിർമിക്കും. ഏതാണ്ട്​ പത്ത്​ കോടിയോളം ചെലവ്​ വരുന്ന ടൗൺഹാളിന്‍റെ വിശദമായ പ്രോജക്ട്​ റിപ്പോർട്ടിനടക്കമുള്ള പ്രാരംഭ ചെലവിനായി 15 ലക്ഷവും വകയിരുത്തി. നിലവിലെ ജവഹർ സ്​റ്റേഡിയം പൊളിച്ചുമാറ്റി ഭൂഗർഭ പാർക്കിങ്​ സൗകര്യത്തോടെയുള്ള അന്താരാഷ്ട്ര സ്​റ്റേഡിയം നിർമിക്കും. ഇതിന്‍റെ പ്രാരംഭ പ്രവൃത്തിക്കായി ഒരു കോടി നീക്കിവെച്ചു. കോർപറേഷൻ പരിധിയിലെ ഗ്രാമറോഡുകൾ ടാർ ചെയ്ത്​ നവീകരിക്കാൻ 18 കോടി വകയിരുത്തി. നഗരത്തിലെ ഗതാഗതക്കുരുക്കിന്​ പരിഹാരം കാണാനായി ഓഫിസേഴ്സ് ക്ലബ്​ മുതല്‍ ശ്രീനാരായണ പാര്‍ക്ക് വരെ ഫ്ലൈ ഓവര്‍ നിർമിക്കും ഇതിനുള്ള പഠന റിപ്പോർട്ട്​ തയാറാക്കാനും മറ്റു പ്രാഥമിക ചെലവുകൾക്കുമായി അരക്കോടി രൂപ ബജറ്റിൽ വകയിരുത്തി. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്​ 20 ലക്ഷം, നെൽകൃഷി പ്രോത്സാഹനം - 50 ലക്ഷം, കേരാമൃതം പദ്ധതി -80 ലക്ഷം എന്നിങ്ങനെയാണ്​ കാർഷിക മേഖലക്കായി വകയിരുത്തിയ പ്രധാന പദ്ധതികൾ. അതി​ദരിദ്രരുടെ പ്രയാസങ്ങൾ ക​​ണ്ടെത്തി പരിഹരിക്കുന്നതിന്​ മൈക്രോപ്ലാൻ തയാറാക്കും. ഇതിനായി അരക്കോടി വകയിരുത്തി. സ്ത്രീകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട്​ ജൻഡർ റിസോഴ്​സ്​ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 25 ലക്ഷവും വകയിരുത്തി. ................................................. കക്കാട്​ പുഴ സൗന്ദര്യവത്​കരണത്തിന്​ അഞ്ച്​ കോടി കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം നാശത്തിന്‍റെ വക്കിലായ കക്കാട്​ പുഴയുടെ സൗന്ദര്യവത്​കരണത്തിന്‍റെ രണ്ടാംഘട്ടത്തിനായി അഞ്ചു​കോടി നീക്കിവെച്ചു. ഒന്നാംഘട്ടത്തിൽ സ്വകാര്യ വ്യക്​തികൾ കൈയേറിയ പുഴയുടെ ഭാഗമായുള്ള ഏക്കർ കണക്കിന്​ ഭൂമി തിരിച്ചുപിടിക്കാനും മതിൽ കെട്ടാനും സാധിച്ചിട്ടുണ്ട്​. ഇതിന്‍റെ തുടർച്ചയായാണ്​ രണ്ടാംഘട്ട പ്രവൃത്തി. പുഴയെ പുനരുജ്ജീവിപ്പിച്ച്​ കൈയേറ്റങ്ങൾ ഒഴിവാക്കി തീരങ്ങൾ ഹരിതാഭമാക്കാനും പദ്ധതികൾ തയാറാക്കും. ഇതിനായാണ്​ ബജറ്റിൽ പ്രത്യേകമായി തുക വകയിരുത്തിയിരിക്കുന്നത്​. ................................................. ചേലോറയിലെ മാലിന്യം നീക്കും ചേലോറ ട്രഞ്ചിങ്ങ്​ ഗ്രൗണ്ടിൽ 60 വർഷമായി തള്ളിയ മാലിന്യം നീക്കാൻ നടപടിയുണ്ടാകും. മാലിന്യ നിക്ഷേപം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതപരിഹാരത്തിനാണ്​ നടപടി. മാലിന്യം ബയോമൈനിങ്​ നടത്തി നീക്കുകയാണ്​ ചെയ്യുക. ഇതിനായി ബജറ്റിൽ പത്തു​കോടി നീക്കിവെച്ചു. ................................................. -മറ്റ്​ പ്രധാന പദ്ധതി നിർദേശങ്ങൾ * നാല് കേന്ദ്രങ്ങളില്‍ ആധുനിക രീതിയിലുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ * 100 കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ * പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 2.5 കോടി * ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടലിന്​ 25 ലക്ഷം * വാര്‍ഡുകളില്‍ അടിയന്തര പ്രവൃത്തികള്‍ക്ക് 1.10 കോടി * പൊതുകുളങ്ങളും കിണറുകളും നവീകരിക്കും * വീടുകളിലേക്ക് ബയോബിന്‍, റിങ് കമ്പോസ്റ്റ് * വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും * പട്ടികജാതി വികസത്തിന്​ 3.68 കോടിയും പട്ടികവര്‍ഗ ക്ഷേമത്തിന്​ 36 ലക്ഷവും * സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ 1.10 കോടി രൂപ * തെരുവ് നായ്കള്‍ക്ക് ഷെല്‍ട്ടര്‍ -20 ലക്ഷം * ശിശുക്ഷേമ പരിപാടികള്‍ 4.6 കോടിയും വയോജന ക്ഷേമപരിപാടികള്‍ ഒരു കോടിയും ....................................................................... പ്രഖ്യാപനങ്ങൾ മാത്രം; തനിയാവർത്തനവും -എൻ. സുകന്യ (പ്രതിപക്ഷ നേതാവ്) കണ്ണൂര്‍: കഴിഞ്ഞ തവണ പ്രഖ്യാപിക്കുകയും നടപ്പാക്കാതിരിക്കുകയും ചെയ്ത നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയ തനിയാവര്‍ത്തനമാണ് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് എന്‍. സുകന്യ പറഞ്ഞു. കഴിഞ്ഞ ബജറ്റിലെ ഒട്ടുമിക്ക പദ്ധതികളും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ പല പദ്ധതികൾക്കും തുക വകയിരുത്തിയിരിക്കുന്നത്​ ശാസ്ത്രീയ പഠനം നടത്താതെയാണ്​. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പദ്ധതിയെന്ന് ഈ ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും അതുണ്ട്. പക്ഷേ, ശാസ്ത്രീയമായ ഒരു പഠനവും ഇതിൽ ഇപ്പോഴും നടന്നില്ല. ശുചിത്വ നഗരവും ആവര്‍ത്തനമാണ്. കഴിഞ്ഞ ബജറ്റിൽ വിഭാവനം ചെയ്ത മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഒന്നുമായിട്ടില്ല. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന് സംസ്ഥാന സര്‍ക്കാറിനെ ബജറ്റില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിനെതി​രെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും സുകന്യ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.