യുദ്ധത്തിനെതിരെ പുഴയിൽ നീന്തി പ്രതിഷേധം

പയ്യന്നൂര്‍: യുദ്ധം മാനവരാശിക്കു വരുത്തിവെക്കുന്ന വിനാശങ്ങള്‍ക്കെതിരെ ജനമനഃസാക്ഷിയുയര്‍ത്താന്‍ പെരുമ്പ പുഴയില്‍ നീന്തല്‍. ലോക റെക്കോഡ് ജേതാവും നീന്തല്‍പരിശീലകനുമായ ചാള്‍സണ്‍ ഏഴിമലയാണ് മൂന്നുകുട്ടികളുമായി പുഴയില്‍ നീന്തി യുദ്ധവിരുദ്ധ സന്ദേശം നല്‍കിയത്. പയ്യന്നൂര്‍ അന്നൂരിലെ ഉദയന്‍ -സുധ ദമ്പതികളുടെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവ്, കുന്നരുവിലെ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്റേയും സജിനിയുടേയും മകന്‍ 10ാം ക്ലാസ് വിദ്യാര്‍ഥി വിവേകാനന്ദ്, കക്കട് സ്വദേശി നസുറുദ്ദീന്‍ -സുമയ്യ ദമ്പതികളുടെ മകന്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ഷെസാന്‍ എന്നിവരാണ് പെരുമ്പ പുഴയിലെ ഒഴുക്കിനെതിരെ നീന്തിയത്. ചൊവ്വാഴ്‌ച രാവിലെ ആറേകാലോടെ പുഴയ്ക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടുമായുള്ള നീന്തല്‍ ഏഴേകാലോടെയാണ് സമാപിച്ചത്. രണ്ടുകിലോമീറ്ററോളം ദൂരമാണ് ഇവര്‍ നീന്തിയത്. യുദ്ധവിരുദ്ധ സന്ദേശവുമായി കവ്വായി പുഴയുടെ ഭാഗമായുള്ള ഏറന്‍പുഴയില്‍ മാർച്ച് 20 ന് നൂറിലേറെപേരെ പങ്കെടുപ്പിച്ചുള്ള ജലശയനം നടത്തുമെന്നും ചാള്‍സണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.