മാഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ബി.എൽ.സി ഗുണഭോക്താക്കൾക്ക് നൽകിവന്നിരുന്ന തുക മൂന്നര ലക്ഷമാക്കി വർധിപ്പിച്ച് പുതുച്ചേരി സർക്കാർ ഉത്തരവിറക്കിയതായി രമേശ് പറമ്പത്ത് എം.എൽ.എ. കേന്ദ്രസർക്കാർ വിഹിതം ഒന്നരലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതം 50,000 രൂപയും ചേർത്ത് രണ്ട് ലക്ഷമായിരുന്നു ഇതുവരെ ബി.എൽ.സി ഗുണഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. കേന്ദ്രവിഹിതം ഒന്നരലക്ഷവും സംസ്ഥാന വിഹിതം രണ്ട് ലക്ഷവും ആയി. വിവിധഘട്ടങ്ങളിലായി പണി പൂർത്തിയാക്കി പുതുച്ചേരി ചേരി നിർമാർജന ബോർഡിൽനിന്ന് ആധാരം കൈപ്പറ്റിയവർക്ക് വർധനയുടെ ആനുകൂല്യം ലഭിക്കില്ല. എന്നാൽ, നിലവിൽ തറ കെട്ടിയവർ, ലിന്റൽ ആയവർ, വീടുപണി പൂർത്തിയാക്കിയവർ എന്നിവർക്ക് ഒന്നര ലക്ഷം ലഭിക്കുമെന്ന് പുതുച്ചേരി ചേരി നിർമാർജന ബോർഡ് അറിയിച്ചു. തറ കെട്ടിയവർക്ക് ഒന്നാമത്തെ ഗഡുവായി മുമ്പ് ലഭിച്ചിരുന്നത് 70,000 രൂപ ആയിരുന്നു. ഇനി അത് 1,20,000 ആകും. ലിന്റൽ പൂർത്തിയായവർക്ക് 90,000ന് പകരം 1,60,000 ലഭിക്കും. പണി പൂർത്തിയാവർക്ക് ഇതുവരെ നൽകിയിരുന്നത് 40,000 ആയിരുന്നു. ഇനി 70,000 ആകും. വർധിപ്പിച്ച ഒന്നര ലക്ഷം ലഭിക്കാൻ നിലവിലെ എല്ലാ ഗുണഭോക്താക്കൾക്കും അർഹത ഉള്ളതിനാൽ ഒന്നും രണ്ടും ഗഡുവായി 1,60,000 വാങ്ങിയ ഗുണഭോക്താക്കൾക്ക് വീടുപണി പൂർത്തിയായാൽ 40,000ന് പകരം 1,90,000 രൂപയാണ് ലഭിക്കുക. അതായത്, 1,50,000 രൂപ ഒന്നിച്ച് ഗുണേഭാക്താവിന് അവസാന ഗഡുവായി ലഭിക്കും. ഈ ആനുകൂല്യം നിലവിലെ മുഴുവൻ പി.എം.എ.വൈ ഗുണഭോക്താക്കൾക്കും ലഭ്യമാക്കിയ സർക്കാർ നടപടിയെ എം.എൽ.എ സ്വാഗതം ചെയ്തു. പി.എം.എ.വൈയുടെ ഫേസ് ആറിലേക്കുള്ള അപേക്ഷ സിവിൽ സ്റ്റേഷനിലെ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽനിന്ന് ലഭിക്കും. പുതുച്ചേരി സർക്കാറിന്റെ മൂന്നര ലക്ഷത്തിന് പുറമെ പി.എം.എ.വൈ പ്ലസ് പദ്ധതിപ്രകാരം രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയായും പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.