വേനൽ കടുത്തു; മലയോര പഞ്ചായത്തുകളിൽ തീപിടിത്തം

ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു ഇരിട്ടി: വേനൽ കനത്തതോടെ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ തീപിടിത്തമുണ്ടായി. ഉളിക്കൽ, പായം, മുഴക്കുന്ന് -പേരാവൂർ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മേൽ മുരിങ്ങോടിയിലെ ആനക്കുഴി എന്നിവിടങ്ങളിലെ ഏക്കർ കണക്കിന് റബർ, കശുമാവ് തോട്ടങ്ങളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് തീപിടിത്തമുണ്ടായത്. മേൽ മുരിങ്ങോടി സൻെറ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിലും പന്ത്രേവേലിൽ ജിമ്മി, ബാബു എന്നിവരുടെ കൃഷിയിടത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷസേനയുടെ വാഹനത്തിന് തീപിടിത്ത മേഖലയിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ശക്തമായ കാറ്റും തീ കെടുത്തുന്നതിന് വിലങ്ങുതടിയായി. ഒടുവിൽ നാട്ടുകാരുടെയും അഗ്നിശമനസേന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലത്തെ പലഭാഗങ്ങളിലെയും കാടുകൾ വെട്ടിമാറ്റി ഫയർലൈൻ തീർക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉളിക്കൽ പഞ്ചായത്തിലെ അറബികുളത്തെ മലയിലും തീപിടിത്തമുണ്ടായി. കശുമാവുൾപ്പെടെയുള്ള കൃഷികൾ കത്തിനശിച്ചു. വലിയ മലയിലായതുകൊണ്ട് തീയണക്കാൻ പ്രയാസമായിരുന്നു. നാട്ടുകാരും മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷികളാണ് കത്തിനശിച്ചത്. പായം പഞ്ചായത്തിലെ കുന്നോത്തും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.