പ്ലാസ്റ്റിക് സർജറി: പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടർമാരെ നിയമിച്ചു

പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിച്ച് സർക്കാർ ഉത്തരവായതോടെ വിദഗ്ധ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നിന്നും രണ്ട് അസി. പ്രഫസർ തസ്തികകൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി നിശ്ചയിച്ചു. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഈ രണ്ട് ഡോക്ടർമാരും ഉടൻ പരിയാരത്ത് ചുമതലയേൽക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നിലവിലെ പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ സീനിയർ പ്രഫസർ കൂടിയാണ്. സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരത്ത് 20ഓളം ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നും സ്ഥലംമാറ്റം വഴിയും പി.എസ്.സി മുഖേനയും നിയമിച്ചിരുന്നു. ഇതിനുപുറമെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പ്രഫസർ തസ്തികയിൽ ഒരാളും ചുമതലയേറ്റെടുത്തു. ഇവർക്ക് പുറമെയാണ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം കൂടി കോളജിൽ ലഭ്യമാവുന്നത്. കഴിഞ്ഞ നവംബറിൽ ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ, മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ മെഡിക്കൽ കോളജ് എന്ന പരിഗണന നൽകിയാണ് തീരുമാനം. വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയെത്തുന്നവരിൽ നിരവധിപേർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. ഇവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ പ്രധാനമാണ്. പൊതുവേ സർക്കാറിതര ആശുപത്രികളിൽ ഭീമമായ ചെലവുവരുന്ന പ്ലാസ്റ്റിക് സർജറി ചികിത്സ, കടം കയറാതെ സാധാരണക്കാർക്കും ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.