കണ്ണൂര്‍: പ്രഖ്യാപിച്ചിട്ട് എറെ വൈകിയാണെങ്കിലും ജില്ലയിൽ ടെലി വെറ്ററിനറി യൂനിറ്റ് പ്രവർത്തനം യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന ആഴ്ച ഉണ്ടാകുമെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മുരളീധരന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വീടുകളിലെത്തി ചികിത്സിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ടെലി വെറ്ററിനറി യൂനിറ്റ് സംവിധാനം സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. 2021 സെപ്റ്റംബര്‍ മുതല്‍ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങുന്നത് നീളുകയായിരുന്നു. ആദ്യഘട്ടത്തിൽ ജീവനക്കാരെ ലഭിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസ്സമായതെന്നാണ് അധികൃതരുടെ വിശദീകരണം. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള അഭിമുഖത്തോടെ പ്രതിസന്ധിക്ക് പരിഹാരമായി. ഡോക്ടർ, അറ്റന്‍ഡര്‍ കം ഡ്രൈവർ, ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ആദ്യഘട്ടത്തിൽ നിയമനം നടന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ആരും തയാറാകുന്നില്ലെന്നും എംപ്ലോയ്‌മെന്റ് വഴി ജീവനക്കാരെ നിയമിക്കാനായി കാത്തിരുന്നതിനാലാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതെന്നും അധികൃതർ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ഉപകരണങ്ങള്‍ പലതും അറ്റകുറ്റപ്പണി ആവശ്യമായ സ്ഥിതിയായിരുന്നു. കഴിഞ്ഞ ദിവസം സാങ്കേതിക പ്രവർത്തകരെത്തി യന്ത്രങ്ങളുടെ നവീകരണം പൂർത്തിയാക്കി. 1.1 കോടി രൂപയാണ് യൂനിറ്റിനായുള്ള ചെലവ്. ആധുനിക ഉപകരണങ്ങളായ പോര്‍ട്ടബിള്‍ എക്‌സ്റേ യൂനിറ്റ്, ടെലി മെഡിസിന്‍ സോഫ്റ്റ് വെയര്‍, വീണുപോയ കന്നുകാലികളെ ഉയര്‍ത്തുന്നതിനുള്ള ക്രെയിന്‍ സംവിധാനം തുടങ്ങിയവയാണ് ഇതില്‍ ഒരുക്കിയിരുന്നത്. കിടപ്പായ മൃഗങ്ങളെ എഴുന്നേല്‍പിക്കാനുള്ള സജ്ജീകരണങ്ങളും വണ്ടിയിലുണ്ട്. .................................................... കിടപ്പായ മൃഗങ്ങളെ വീടുകളിലെത്തി ചികിത്സിക്കും രോഗബാധിതരായ മൃഗങ്ങളെ അതത് ചികിത്സ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സ രംഗത്ത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. കൂടാതെ, മൃഗങ്ങളെ ചികിത്സിക്കുന്ന ഘട്ടത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിന് സഹായകരമായ ഉപകരണങ്ങളുടെ അഭാവവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് വിഘാതം സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം പരിഹാരം എന്ന നിലക്കാണ് ടെലി വെറ്ററിനറിക്ക് തുടക്കം കുറിച്ചിരുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ടെലി വെറ്ററിനറി സംവിധാനത്തിന്റെ പ്രഖ്യാപനം ആദ്യഘട്ടത്തിൽ നടന്നിരുന്നത്. അതത് പ്രദേശത്തുള്ള മൃഗഡോക്ടര്‍മാരുടെ നിര്‍ദേശത്തിനനുസരിച്ചായിരിക്കും ടെലി വെറ്ററിനറിയുടെ സേവനം ഉറപ്പുവരുത്തുക. സേവനം ആവശ്യമുള്ളവര്‍ ഫോണ്‍ വഴി വിളിച്ചറിയിക്കണം. ഇതിനായി ഒരു നമ്പറും മൃഗ സംരക്ഷണവകുപ്പ് സജ്ജമാക്കുന്നുണ്ട്. അത്യാവശ്യഘട്ടത്തില്‍ മാത്രമായിരിക്കും ടെലി വെറ്ററിനറിയുടെ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.