മെഡിക്കൽ കോളജ് കാമ്പസിൽ ഓട്ടോ സ്റ്റാൻഡ് 'ഔട്ട്'

ഡിസ്ചാർജ് ചെയ്യുന്നതും ഒ.പിയിലെത്തുന്നതുമായ രോഗികൾക്കും വിദ്യാർഥികൾക്കും ദുരിതമാകും പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിലെ ഓട്ടോസ്റ്റാൻഡ് ഇനിയില്ല. ജനുവരി 30നുശേഷം ഓട്ടോറിക്ഷ ഇവിടെ വെക്കരുതെന്ന് നിർദേശം ലഭിച്ചതായി ഓട്ടോ തൊഴിലാളികൾ അറിയിച്ചു. ഇതോടെ മുഴുവൻ വണ്ടികളും ഇനിമുതൽ ദേശീയ പാതയിലെ സ്റ്റാൻഡിലേക്ക് മാറേണ്ടിവരും. കാമ്പസിലെ പുതിയ പാർക്കിങ് പരിഷ്കരണത്തിന്‍റെ ഭാഗമായാണ് നടപടി. ഇത് ഓട്ടോ തൊഴിലാളികളെ ദുരിതത്തിലാക്കുമെന്ന് ഡ്രൈവർമാർ പറയുന്നു. പരിയാരത്ത് ദേശീയപാതയോരത്തെ സ്റ്റോപ്പിലാണ് ഓട്ടോ സ്റ്റാൻഡെങ്കിലും നിശ്ചിത ഓട്ടോകൾക്ക് തുടക്കം മുതൽ കോളജ് ആശുപത്രിക്കുമുന്നിൽ സ്റ്റോപ് അനുവദിച്ചിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതും ഒ.പിയിലെത്തുന്നതുമായ രോഗികൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം പരിഗണിച്ചാണിത്. ഇതാണ് ഇനിമുതൽ ഇല്ലാതാവുന്നത്. പുതിയ പരിഷ്കരണത്തോടെ ഇനി രോഗികളും മറ്റും 500ഓളം മീറ്റർ നടന്ന് പുറത്തെത്തിവേണം ഓട്ടോ പിടിക്കാൻ. മാത്രമല്ല സേവന മേഖലയിലും ഓട്ടോ ഡ്രൈവർമാർ ഏറെ ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. റോഡപകടങ്ങളിലും മറ്റും പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കൽ, രക്തദാനം തുടങ്ങിയവ ഇവർ പ്രതിഫലമാഗ്രഹിക്കാതെ ചെയ്യാറുണ്ട്. ഈ സേവനം കൂടിയാണ് ഇല്ലാതാവുന്നത്. ഇതിനുപുറമെയാണ് ഡ്രൈവർമാരുടെ കഞ്ഞികുടികൂടി മുട്ടുന്നത്. പുതിയ പരിഷ്കരണത്തിൽനിന്ന് പിന്മാറണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മാടായി ഏരിയ കമ്മിറ്റി യോഗം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട്​ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.പി. ബാലൻ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. -------------------------------------------- പി. വൈ. ആർ ഓട്ടോ: പരിയാരത്ത് ദേശീയപാതയിലെ ഓട്ടോ സ്റ്റാൻഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.