വനാതിർത്തിയിൽ വനം വകുപ്പി​െൻറ പുനരധിവാസ പാക്കേജ്

വനാതിർത്തിയിൽ വനം വകുപ്പി​ൻെറ പുനരധിവാസ പാക്കേജ് 160 ലേറെ കുടുംബങ്ങളുടെ 72 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കാൻ പദ്ധതി കേളകം: വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകി വനം വകുപ്പ്. കൊട്ടിയൂരിലെ ജനങ്ങൾക്കു മുന്നിലാണ്​ പുനരധിവാസ പാക്കേജ് അവതരിപ്പിച്ചിട്ടുള്ളത്​. കൊട്ടിയൂർ പഞ്ചായത്ത് ആറാം വാർഡ് അമ്പാത്തോട്, 10 കൊട്ടിയൂർ, 11 തലക്കാണി, 12 വെങ്ങലോടി പ്രദേശങ്ങളിലെ 160 ലേറെ കുടുംബങ്ങളുടെ 72 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കും. മലമ്പ്രദേശങ്ങളിലെ ജനങ്ങളിലേറെയും സ്ഥലം ഒഴിഞ്ഞുപോകാൻ സമ്മതപത്രം വനംവകുപ്പിന് നൽകിക്കഴിഞ്ഞു. രണ്ടു റീച്ചുകളായാണ് പുനരധിവാസം നടപ്പാക്കുന്നതെന്ന് കൊട്ടിയൂർ റേഞ്ച് വനം വകുപ്പ് അധികൃതർ പറയുന്നു. ആദ്യ റീച്ചിൽ വനവുമായി അതിർത്തി പങ്കിടുന്ന 74 കുടുംബങ്ങളുടെ 35 ഹെക്ടർ, അടുത്തതിൽ 94 കുടുംബങ്ങൾ. 60ഒാളം അപേക്ഷകൾ പുനരധിവാസത്തിന് അർഹമാണെന്നു കണ്ടെത്തിയതായും രേഖകളുടെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. ഒരു യൂനിറ്റിന് 15 ലക്ഷം രൂപയാണ് നൽകുക. ഒരു കുടുംബത്തി​ൻെറ രണ്ടു ഹെക്ടർ വരെ സ്ഥലം ഒരു യൂനിറ്റാണ്. ഇവരോടൊപ്പം താമസിക്കുന്ന 18 പൂർത്തിയായ മക്കളെ മറ്റൊരു യൂനിറ്റായി കണക്കാക്കി അവർക്കും 15 ലക്ഷം വീതം നൽകും. പുനരധിവാസ പാക്കേജ് ആയതിനാൽ നിർബന്ധപൂർവമുള്ള ഒഴിപ്പിക്കൽ ഉണ്ടാവില്ല. ഭൂമി ഒഴിയാൻ താൽപര്യമില്ലാത്തവർക്ക് അവിടെ താമസം തുടരാം. വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ പദ്ധതിയിൽ അന്നു തന്നെ പലരിൽ നിന്നും സമ്മതപത്രം വാങ്ങിയിരുന്നു. പദ്ധതി അവതരിപ്പിച്ച് ജനങ്ങൾ സമ്മതം നൽകിയ ശേഷം പല നിബന്ധനകളിലും മാറ്റം വരുത്തിയെന്ന് ജനങ്ങൾക്ക് ആക്ഷേപമുണ്ട്. നെല്ലിയോടി മേഖലയിൽ 57 കുടുംബങ്ങളുടെ 36.59 ഹെക്ടർ 2010 ൽ ആനത്താര പദ്ധതിയിൽ വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതി​ൻെറ തുടർച്ചയായി വരുന്ന പ്രദേശങ്ങളിലാണ് നിലവിൽ പുനരധിവാസ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ആനത്താര പദ്ധതി എന്ന് പേരില്ലെങ്കിലും ഫലത്തിൽ പദ്ധതിയുടെ ഉദ്ദേശ്യവും കൃഷിഭൂമികളുടെ വനവത്കരണമാണ്. ആനത്താര പദ്ധതിയുടെ പേരിൽ ഇപ്പോഴും അർഹമായ നഷ്​ടപരിഹാരത്തിനായി കോടതി കയറിയിറങ്ങുകയാണ് അവിടുത്തെ ജനങ്ങൾ. തുച്ഛ ഭൂമിയുള്ളവർക്ക് പ്രതീക്ഷയും കൂടുതൽ ഭൂമിയുള്ളവർക്ക് നിരാശയുമുണ്ടാക്കുന്നതാണ് പുനരധിവാസ പാക്കേജ്. കൂടുതൽ ഭൂമിയുള്ളവരാണ് പദ്ധതി പ്രദേശങ്ങളിലുള്ളവരിലേറെയും. കൃഷിയെ ആശ്രയിക്കുന്നവർക്ക് ഭൂമി വിട്ടു നൽകിയാൽ വരുമാനമില്ലാതാകുമെന്ന പ്രതിസന്ധിയുണ്ട്. വന്യമൃഗശല്യം, സൗകര്യങ്ങളില്ലാത്ത അവസ്ഥ ഇവയെല്ലാം കാരണം പ്രദേശങ്ങളിൽനിന്ന്​ വീടൊഴിഞ്ഞു വാടക വീടുകളിലും മറ്റും താമസിക്കുന്നവർക്ക് പുനരധിവാസം ആശ്വാസമാണ്. ഭൂമി വിട്ടു നൽകാതെ ഒറ്റയ്ക്ക് തുടരുന്നതും പ്രശ്നമാകാനിടയുണ്ട്. സമീപഭൂമികൾ വനമായാൽ സ്വയം ഒഴിഞ്ഞുപോകേണ്ട സാഹചര്യമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.