കോവിഡ്​: പ്രതിരോധം ശക്​തമാക്കി കണ്ണൂർ കോർപറേഷൻ

കോവിഡ്​: പ്രതിരോധം ശക്​തമാക്കി കണ്ണൂർ കോർപറേഷൻഅവശ്യ സർവിസ് മേഖലയിലുള്ളവർക്ക് വാക്​സിൻ നൽകുന്നതിന് മുൻഗണന നൽകണംകണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗ വ്യാപന സാധ്യത മുന്നിൽക്കണ്ട്​ പ്രതിരോധ പ്രവർത്തനങ്ങൾ ശക്​തിപ്പെടുത്താൻ കോർപറേഷൻ നടപടി തുടങ്ങി. ഇതി​ൻെറ ഭാഗമായി അവശ്യ സർവിസ് മേഖലയിലുള്ളവർക്ക് വാക്​സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്ന് കണ്ണൂർ കോർപറേഷൻ ജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. രോഗ സ്​ഥിരീകണ നിരക്ക് കുറവാണെങ്കിലും ജില്ല ആസ്ഥാനം എന്ന നിലയിൽ കൂടുതൽ ജനങ്ങൾ ബന്ധപ്പെടുന്ന കണ്ണൂർ കോർപറേഷനിൽ ഓണക്കാലത്ത്‌ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ യോഗം വിലയിരുത്തി.കോവിഡ്​ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന്​ കണ്ണൂർ കോർപറേഷൻ തല ജാഗ്രത സമിതി യോഗം ചേർന്നത്.ജൂബിലി ഹാളിൽ വാക്​സിനേഷന് ആവശ്യമായ വാക്​സിൻ ലഭ്യമാക്കുക, കിടപ്പുരോഗികൾക്കും വായോധികർക്കും വാക്​സിൻ നൽകുന്നത് പുനരാരംഭിക്കുന്നതിന് വാക്​സിൻ അനുവദിക്കുക, ജനസംഖ്യാനുപാതം നോക്കാതെ കൂടുതൽ ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമെന്ന നിലയിൽ കോർപറേഷൻ മേഖലയിൽ കൂടുതൽ വാക്​സിൻ അനുവദിക്കുക, വ്യാപാരികൾ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോതൊഴിലാളികൾ, ബാർബർമാർ, പെട്രോൾപമ്പ് ജീവനക്കാർ, വർക്​ഷോപ്​ ജീവനക്കാർ തുടങ്ങി ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങൾക്ക് വാക്​സിൻ അടിയന്തരമായി ലഭ്യമാക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിന് ബോധവത്​കരണം ശക്​തിപ്പെടുത്തുന്നതിന്​ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.എല്ലാ ഡിവിഷനുകളും ഒരാഴ്​ചക്കകം ജാഗ്രത സമിതി യോഗം വിളിക്കും. ആവശ്യമെങ്കിൽ ഡി.സി.സികൾ പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു.സമ്പർക്കവിലക്ക്​ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും പൊലീസിനും നിർദേശം നൽകി. യോഗത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്​തീൻ, സിയാദ് തങ്ങൾ, കൗൺസിലർ മുസ്​ലിഹ് മഠത്തിൽ, സെക്രട്ടറി ഡി. സാജു, ഡോ. ഒ.ടി. രാജേഷ്, സി. സമീർ, കെ.പി. സദാനന്ദൻ, പി.എ. കിരൺ, എൻ. രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് നടന്ന വ്യാപാരികളുടെ യോഗത്തിൽ കോർപറേഷൻ തലത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെ സഹായം ഉറപ്പാക്കി. സർക്കാറി​ൻെറ പുതിയ നിർദേശങ്ങൾ വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നതായി വ്യാപാരികൾ അറിയിച്ചു.ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി ഇളവുകൾ അനുവദിക്കുന്നതിനും ഈ മേഖലയിലുള്ളവർക്ക് കൂടുതൽ വാക്​സിനുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.