അപകടങ്ങൾ തടയാൻ ഗതാഗത പരിഷ്​കാരവുമായി കോർപറേഷൻ

അപകടങ്ങൾ തടയാൻ ഗതാഗത പരിഷ്​കാരവുമായി കോർപറേഷൻ photo: sandeepധനലക്ഷ്മി ജങ്​ഷനിൽ മിനി ട്രാഫിക് ഐലൻഡ് സ്ഥാപിക്കുംകണ്ണൂർ: അടിക്കടിയുണ്ടാവുന്ന അപകടങ്ങൾ തടയാൻ ഗതാഗത പരിഷ്​കാരവുമായി കണ്ണൂർ കോർപറേഷൻ. നഗരത്തിൽ കോർപറേഷൻ നിശ്ചയിച്ച പാർക്കിങ്​ കേന്ദ്രങ്ങൾക്ക് പുറമെ അനധികൃതമായി നടത്തുന്ന പാർക്കിങ്​ സൗകര്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി സ്​റ്റിക്കർ പതിച്ച ഫൈൻ ഈടാക്കുന്നതിനും രണ്ടാംഘട്ടത്തിൽ ക്രെയിൻ റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് വാഹനം നീക്കംചെയ്തു പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു.ധനലക്ഷ്മി ആശുപത്രിക്ക്​ സമീപത്തെ ജങ്​ഷനിൽ മിനി ട്രാഫിക് ഐലൻഡ് സ്ഥാപിക്കും. കഴിഞ്ഞ ദിവസങ്ങളിലടക്കം നിരന്തരമുണ്ടായ അപകടങ്ങളെ തുടർന്നാണ്​ നടപടി. എ.കെ.ജി ആശുപത്രിക്ക്​ പിറകുവശത്തുള്ള തളാപ്പ്​ സ്പിന്നിങ് മിൽ റോഡിലേക്കുള്ള അനധികൃത പാർക്കിങ്​ ഒഴിവാക്കുന്നതിന് പൊലീസ് പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു. നിലവിൽ വൺവേ റോഡ് ആക്കിയിട്ടുള്ള പാമ്പൻ മാധവൻ–എ.കെ.ജി റോഡിൽ ചെറുവാഹനങ്ങൾക്ക് എതിർവശത്തുനിന്ന് പ്രവേശനം അനുവദിക്കുന്നതിന് തീരുമാനിച്ചു. ഡിവൈഡറുകൾക്ക് ചായംപൂശി റിഫ്ലക്ടർ വെക്കുന്നതിന്​ നടപടി സ്വീകരിക്കും. ഫോർട്ട് റോഡിൽ എസ്​.ബി.ഐക്ക് സമീപത്തുനിന്നും പ്രഭാത് റോഡിലേക്കുള്ള വഴിയിൽ എതിർവശത്തേക്ക് കയറുന്നത് ഒഴിവാക്കുന്നതിന് ഡിവൈഡറുകൾ സ്ഥാപിച്ച്​ റൗണ്ട് എബൗട്ട് സംവിധാനമാക്കുന്നതിന്​ തീരുമാനിച്ചു. തെഴുക്കിൽപീടിക ബസ്​ സ്​റ്റോപ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തേക്ക് മാറ്റും. നഗരത്തിലെ പ്രവർത്തിക്കാത്ത സി.സി കാമറകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് പൊലീസിന് നിർദേശം നൽകുകയും കേടായവ മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ഓട്ടോ സ്​റ്റാൻഡുകളിൽ ഓട്ടോറിക്ഷ പാർക്കിങ്ങിന് അനുവദിച്ച എണ്ണം ബോർഡുകളിൽ രേഖപ്പെടുത്താനും അധിക പാർക്കിങ്​ നിയന്ത്രിക്കുന്നതിനും തീരുമാനിച്ചു.യോഗത്തിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്​ഥിരം സമിതി ചെയർമാന്മാരായ മാർട്ടിൻ ജോർജ്, ഷമീമ, പി. ഇന്ദിര, കോർപറേഷൻ സെക്രട്ടറി ഡി. സാജു, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, സബ് ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശ്, ട്രാഫിക് എസ്.ഐ വി.വി. മനോജ് കുമാർ, എ.എസ്.ഐ പി.വി. ബാബുരാജൻ, വി.കെ. പ്രദീപൻ, എം.വി. അഖിൽ, വി.പി. മുനീർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.