ഞാർ ഉണങ്ങുന്നു; പാടശേഖരങ്ങളിൽ കണ്ണീർമഴ

പയ്യന്നൂർ: നെൽപ്പാടങ്ങളിൽ കർഷക​ൻെറ കണ്ണീർമഴ പെയ്യുന്നു. മൺസൂൺ കാലത്ത് മഴയില്ലാത്തതാണ് ഒന്നാം വിള നെൽകൃഷി ചെയ്യുന്ന കർഷകരെ ദുരിതക്കയത്തിലാക്കിയത്. പല പാടശേഖരങ്ങളിലും കർഷകർ ഞാറ്റടി തയാറാക്കിയിരുന്നുവെങ്കിലും വെള്ളമില്ലാത്തതിനാൽ പറിച്ചുനടാനായില്ല. മഴയില്ലെന്നു മാത്രമല്ല കത്തുന്ന വെയിൽ കൂടിയായതോടെ തയാറാക്കിയ ഞാർ ഉണങ്ങിനശിക്കുകയാണ്. ആദ്യം ലഭിച്ച മഴയിലാണ് വിത്തിട്ടത്. പറിച്ചുനടേണ്ട സമയത്ത് മഴയില്ലാത്തതാണ് ദുരിതമായത്. ഒരു നിശ്ചിത കാലയളവു കഴിഞ്ഞാൽ ഞാറു നട്ടതുകൊണ്ട് പ്രയോജനമില്ലെന്നും കർഷകർ പറയുന്നു. ചിലയിടങ്ങളിൽ തോടുകളിൽനിന്നും മറ്റും വെള്ളം ചിറകെട്ടി കയറ്റി കൃഷിതുടങ്ങിയെങ്കിലും തോടുകളിൽ വെള്ളം വറ്റിയതോടെ ഇതും ഉണങ്ങി നശിക്കുകയാണ്. കരിവെള്ളൂർ വരീക്കര വയലിൽ മാത്രം നിരവധി ഹെക്ടർ വയലുകളിലെ ഞാറാണ് പറിച്ചുനടാനാവാതെ നശിക്കുന്നതെന്ന് ജൈവകർഷകനും നാടൻ നെല്ലിനങ്ങളുടെ സംരക്ഷകനുമായ കെ.പി. വിനോദ് 'മാധ്യമ'ത്തോട്​ പറഞ്ഞു. ആദ്യം ഞാറുനട്ട കർഷകരുടെ കൃഷിയും വെള്ളമില്ലാതെ നശിക്കുകയാണെന്നും വിനോദ് പറഞ്ഞു. വരീക്കര വയലിൽ അണക്കെട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാൽ ജലസേചനം നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇക്കുറി അടച്ചിടൽ സമയത്ത് സർക്കാർ സഹായത്തോടെ നിരവധി പ്രദേശങ്ങളിൽ കരനെൽകൃഷി നടത്തിയിരുന്നു. ഇതും ഉണങ്ങി നശിക്കുകയാണ്. --രാഘവൻ കടന്നപ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.