പാറപ്രം-മേലൂർ കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി

സ്വന്തം ലേഖകൻ തലശ്ശേരി: പിണറായി, ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം-മേലൂർ കടവ് പാലവും അപ്രോച്ച് റോഡും ഉദ്ഘാടനത്തിനൊരുങ്ങി. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ഇരുഭാഗത്തുമുള്ള അനുബന്ധ റോഡി‍ൻെറ മെക്കാഡം ടാറിങ് പ്രവൃത്തിയും പുരോഗമിക്കുകയാണ്. മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത്. മേലൂർ വടക്ക് ബസ് സ്​റ്റോപ്​ മുതൽ പാറപ്രം പള്ളിക്കാട് വരെ ഏഴ് മീറ്റർ വീതിയിലാണ് 1.3 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ചിരിക്കുന്നത്. റോഡരികിലെ വൈദ്യുതി തൂണുകളും കേബിളുകളും മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെ അപ്രോച്ച് റോഡിനായി ഏഴ് കോടി രൂപയും പാലത്തിന് ആറ് കോടി രൂപയും സ്ഥലമേറ്റെടുപ്പിനായി 3.80 കോടി രൂപയുമടക്കം 17 കോടിയോളം രൂപയാണ് ചെലവായത്. 700 മീറ്റർ നീളത്തിൽ ഇരുഭാഗത്തും ഓവുചാൽ നിർമിച്ചിട്ടുണ്ട്. അരിക് ഭിത്തിയുമുണ്ട്. ഒന്നര വർഷം മുമ്പാണ് റോഡുപണി ആരംഭിച്ചത്. പാലത്തി‍ൻെറ ഇരുഭാഗത്തും മണ്ണൊലിപ്പ് തടയാൻ കയർ ഭൂവസ്ത്രം വിരിക്കും. ഇതിനുമേൽ വൃക്ഷത്തൈകളും െവച്ചുപിടിപ്പിക്കും. റോഡിൽ സൂചക ബോർഡുകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. മേലൂർ ബസ് സ്​റ്റാൻഡ് ജങ്ഷനിൽ ഐലൻഡ്‌ സ്ഥാപിക്കും. പാലം തുറക്കുന്നതോടെ മേലൂർ വടക്ക് ബസ് സ്​റ്റോപ്​ പ്രധാന ജങ്ഷനായി മാറും. 2010 ആഗസ്​റ്റില്‍ തുടങ്ങിയ പാലം പണി 2012 നവംബറില്‍ പൂര്‍ത്തിയായിരുന്നു. നഷ്​ടപരിഹാര പ്രശ്‌നത്തില്‍ സ്ഥലം ഉടമകളുമായി തര്‍ക്കം വന്നതോടെ അനുബന്ധ റോഡ് നിര്‍മാണം മുടങ്ങി. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതോടുകൂടിയാണ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിച്ചത്. റോഡ് പണിത് പാലം ഗതാഗതത്തിനായി തുറന്നുനല്‍കിയാല്‍ മമ്മാക്കുന്ന് പാലം വഴി കണ്ണൂർ, എടക്കാട്, മുഴപ്പിലങ്ങാട് ഭാഗത്തേക്കും പാറപ്രം പാലം വഴി പിണറായി, മാവിലായി, മൂന്നുപെരിയ, കൂത്തുപറമ്പ്, മമ്പറം, ചക്കരക്കല്ല്​, അഞ്ചരക്കണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും എളുപ്പത്തിൽ എത്താം. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി പാറപ്രം എ.കെ.ജി സ്മാരക വായനശാലയിൽ സംഘാടകസമിതി രൂപവത്കരണ യോഗം നടന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. പിണറായി പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. രാജീവൻ, ധർമടം പഞ്ചായത്ത്‌ പ്രസിഡൻറ് എൻ.കെ. രവി, വി. രമേശൻ, കൈപ്രത്ത് പ്രസാദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ബാലൻ (ചെയ.), എൻ.കെ. രവി, വി. രമേശൻ (വൈസ് ചെയ.), കെ.കെ. രാജീവൻ (കൺ.), കെ. പ്രസാദൻ, കെ. പ്രവീണ (ജോ.കൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.