രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: ഇന്ത്യയുടെ സസ്യ വൈവിധ്യത്തിലേക്ക് പുതിയൊരു സസ്യംകൂടി. ലോകത്ത് ആഫ്രിക്കയിൽ മാത്രം രേഖപ്പെടുത്തിയിരുന്ന 'യൂപ്ലോക' എന്ന സസ്യ ജനുസ്സിലെ പുതിയ സസ്യത്തെ കണ്ടെത്തിയത് കണ്ണൂർ ജില്ലയിലെ കോറോം കനായികാനം ചെങ്കൽ പരപ്പുകളിലാണ്. 'യൂപ്ലോക ബാക്ലീ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ സസ്യം ചെങ്കൽ കുന്നുകളിൽ മഴക്കാലത്തു മാത്രം രൂപപ്പെടുന്ന ചളിനിറഞ്ഞ ചതുപ്പുകളിലാണ് വളരുന്നത്. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി. ഷാജു, ഡോ. എം. രാജേന്ദ്രപ്രസാദ്, എം.പി. റിജുരാജ്, എ.ജി. പാണ്ഡുരംഗൻ, പയ്യന്നൂർ കോളജ് അസി. പ്രഫസർ ഡോ. എം.കെ. രതീഷ് നാരായണൻ എന്നിവരങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തിൻെറ കണ്ടെത്തലിനു പിന്നിൽ. 'എബ്രഹാമിയ' എന്ന അന്താരാഷ്ട്ര ജേണലിൻെറ പുതിയ ലക്കത്തിലാണ് ഈ സസ്യത്തെ പരിചയപ്പെടുത്തുന്നത്. ഈ കണ്ടെത്തൽ ആഫ്രിക്കയും ഇന്ത്യൻ ഉപഭൂഖണ്ഡവും 'ഗോണ്ട്വാന' എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന ഭൂമിശാസ്ത്ര സംബന്ധമായ നിഗമനത്തിനു ബലമേകുന്നതാണ്. ചെങ്കൽ ചതുപ്പുകളിലെ ചളിയിൽ പുതഞ്ഞുവളരുന്ന സസ്യം വേനലാരംഭത്തിൽ ചതുപ്പ് ഉണങ്ങുന്നതോടു കൂടിയാണ് പുഷ്പിച്ചു വിത്തുണ്ടാകുന്നത്. ഔഷധസസ്യമായ 'തേൾക്കട'യിൽ (Heliotropium) ഉൾപ്പെടുന്ന ബൊറേജിനേസിയെ എന്ന സസ്യകുടുംബത്തിലെ പുതിയ സസ്യമാണ് യൂപ്ലോക. അവശേഷിക്കുന്ന ചെങ്കൽ കുന്നുകൾ സംരക്ഷിക്കേണ്ടതിൻെറ ആവശ്യകതകൂടി പുതിയ കണ്ടെത്തൽ ഓർമപ്പെടുത്തുന്നുണ്ട്. 10 കോടിയോളം വർഷങ്ങൾക്കു മുമ്പേ ഇന്ത്യ ഗോണ്ട്വാന വൻകരയുടെ ഭാഗമായിരുന്നപ്പോൾ ഉരുത്തിരിഞ്ഞവയായിരിക്കും ഈ സസ്യങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന ഗോണ്ട്വാന സിദ്ധാന്തത്തിൻെറ ജീവിച്ചിരിക്കുന്ന തെളിവായി ഈ ചെടിയുടെ സാന്നിധ്യത്തെ പരിഗണിക്കാം. 2003ൽ ഇടുക്കിയിൽ കണ്ടെത്തിയ nasikabatrachus sahyadrensis എന്ന പാതാള തവള (മാവേലിത്തവള) ഗോണ്ട്വാന സിദ്ധാന്തത്തെ പിന്തുണക്കുന്നുണ്ട്. photo: Kng PYR Youploga 1, 2 കാനായികാനത്തിനടുത്തുനിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ സസ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.