കാലംതെറ്റിയുള്ള മഴ കശുമാവ്​ കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നു

ഇരിട്ടി: കാലം തെറ്റിയുള്ള മഴ കശുമാവ്​ കർഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. സാമ്പത്തിക പരാധീനതകൾ മൂലം നട്ടംതിരിയുന്ന കർഷക മനസ്സുകളിൽ ഇടിത്തീയായി പൊടുന്നനെയുണ്ടായ മഴ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്​. കോവിഡ് മഹാമാരിയെ തുടർന്ന് കൂടുതൽ പ്രതിസന്ധിയിലായത് കശുവണ്ടി കർഷകരാണ്. വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനോ മലഞ്ചരക്ക്​ കടകൾ അടച്ചിട്ടതുമൂലം വിൽപന നടത്തുന്നതിനോ കർഷകർക്ക് സാധിച്ചിരുന്നില്ല. ലോക്ഡൗൺ കാലത്ത് കശുവണ്ടി സീസൺ തീരാനുള്ള അവസാന മാസം സഹകരണ ബാങ്ക്​ മുഖേന കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി സംഭരണം നടത്തിയിരുന്നെങ്കിലും ഉൾനാടൻ പ്രദേശത്തെ കർഷകർക്ക് ഗുണം ലഭിച്ചതുമില്ല. പലരുടെയും കശുവണ്ടി വിൽപന നടത്താനാകാതെ വീട്ടിൽ കൂട്ടിയിട്ട് നശിച്ചുപോവുകയായിരുന്നു. ​ ഇൗ സീസണിൽ ഉളിക്കൽ, കോളിത്തട്ട്, മട്ടിണി, അറബി, പെരിങ്കരി, പേരട്ട, കാലാങ്കി, മാട്ടറ തുടങ്ങി മലയോര മേഖലയിലെങ്ങും കശുമാവുകള്‍ പൂവിട്ടുതുടങ്ങി. മലയോരത്തെ ആറളം, അയ്യൻകുന്ന്, ഉളിക്കൽ മേഖലയിലെ ചില ബഡ് കശുമാവ് തോട്ടങ്ങളില്‍ കശുവണ്ടി ഇതിനകം കായ്ച്ച് തുടങ്ങി. പുഴുശല്യം കാരണം കശുമാവ് വ്യാപകമായി നശിച്ചതും കശുവണ്ടിയുടെ വിലക്കുറവും നിരവധി കര്‍ഷകരെ ഇതിനകം കൃഷിയില്‍നിന്ന്‌ പിന്തിരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടി കിലോക്ക് 130 രൂപ ലഭിച്ചുവെങ്കിലും കോവിഡും ലോക്ഡൗണും മൂലം പിന്നീടത് എഴുപതും എൺപതും രൂപയിലേക്ക് താഴ്ന്നു. തുടർന്ന് കാലവർഷത്തിനു മുന്നോടിയായുള്ള കനത്ത മഴ പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു. കനത്ത മഴക്കാറ് മൂലം കശുമാവ് പൂക്കൾ കരിഞ്ഞുണങ്ങുന്നതും വൈകുന്നേരങ്ങളിൽ സ്ഥിരമായുണ്ടാകുന്ന മഴയും കർഷക മനസ്സുകളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.