'അട്ടിമറി' ജേതാക്കളും ഇത്തവണ കൂടുതൽ

ശ്രീകണ്ഠപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോരത്തെ വാർഡുകളിൽ ചില സ്ഥാനാർഥികൾ വിജയം നേടിയത് അട്ടിമറിയോടെ. മലപ്പട്ടത്തെ അഡൂരിലും ശ്രീകണ്ഠപുരം നഗരസഭയിലെ കൈതപ്രം, നിടിയേങ്ങ, നിടിയേങ്ങ കവല വാർഡുകളിലും ഏരുവേശി പഞ്ചായത്തിലെ ഏരുവേശി, ചെളിമ്പറമ്പ് വാർഡുകളിലും ചെങ്ങളായിയിലെ തട്ടേരി വാർഡിലും യു.ഡി.എഫ് അട്ടിമറി ജയം നേടിയപ്പോൾ പയ്യാവൂർ പഞ്ചായത്തിലെ നാല് വാർഡുകളിൽ എൽ.ഡി.എഫും അട്ടിമറി ജയം നേടി. സംസ്ഥാനത്തെ ഇടതി​ൻെറ എതിരില്ലാകോട്ടയായ മലപ്പട്ടത്ത് ചരിത്രം തിരുത്തി കോൺഗ്രസിലെ പി. ബാലകൃഷ്ണൻ വിജയിച്ചതാണ് യു.ഡി.എഫിലെ തിളക്കമാർന്ന വിജയങ്ങളിലൊന്ന്. പഞ്ചായത്തിലെ രണ്ടാം വാർഡായ അഡൂരിലാണ് ആദ്യമായി കോൺഗ്രസ് അക്കൗണ്ട് തുറന്നത്. ബാലകൃഷ്ണൻ 345 വോട്ട് നേടിയപ്പോൾ സി.പി.എം സ്ഥാനാർഥി അമ്പിലോത്ത് നാരായണന് 294 വോട്ട് മാത്രമാണ് ഇവിടെ ലഭിച്ചത്. 20 വർഷം മുമ്പ്​ ചൂളിയാട് വാർഡിൽ ലീഗ് സ്ഥാനാർഥി ജയിച്ചതൊഴിച്ചാൽ യു.ഡി.എഫിന് മലപ്പട്ടത്ത് ഒരു സീറ്റിൽപോലും ജയിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ അഞ്ച് സീറ്റിൽ എൽ.ഡി.എഫ് മലപ്പട്ടത്ത് എതിരില്ലാതെ ജയിച്ചിരുന്നു. മുഴുവൻ സീറ്റിലും വിജയം പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫിന് ഒരു സീറ്റ് കോൺഗ്രസ് നേടിയത് തിരിച്ചടിയായി. മലപ്പട്ടത്തെ ഓട്ടോ ഡ്രൈവറാണ് ബാലകൃഷ്ണൻ. ശ്രീകണ്ഠപുരം നഗരസഭയിലെ തിളക്കമാർന്ന വിജയം 14ാം വാർഡായ കൈതപ്രത്താണ്. ശ്രീകണ്ഠപുരം പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ എം.സി. ഹരിദാസനെ കെ.എസ്.യു മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും യൂത്ത് കോൺഗ്രസ് നേതാവുമായ വിജിൽ മോഹൻ 105 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അട്ടിമറിച്ചു. ആദ്യമായാണ് ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി 126 വോട്ടുകൾക്ക് വിജയിച്ച വാർഡാണിത്. നഗരസഭയിലെ ഇടത് കോട്ടകളായ നിടിയേങ്ങ വാർഡിലും നിടിയേങ്ങ കവലയിലും യു.ഡി.എഫ് വിജയം നേടി. നിടിയേങ്ങ വാർഡിൽ കോൺഗ്രസിലെ കെ.വി. കുഞ്ഞിരാമൻ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ ഷാജി ചിറ്റാരിയെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ സി.പി.എമ്മിലെ പി.വി. ശോഭന വിജയിച്ച വാർഡാണിത്. സി.പി.എമ്മിലെ എ. രാജേഷ് വിജയിച്ച 30ാം വാർഡായ നിടിയേങ്ങ കവലയിൽ ഇത്തവണ കോൺഗ്രസിലെ ജോസഫീന വർഗീസ് വിജയിച്ചു. 95 വോട്ടുകൾക്കാണ് ഇടത് കോട്ടയായ നിടിയേങ്ങ കവലയിൽ സി.പി.എമ്മിലെ മഞ്ജുള ജിനേഷിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ കൂടിയാണ് ജോസഫീന വർഗീസ്. ചെങ്ങളായി പഞ്ചായത്തിൽ 17ാം വാർഡായ തട്ടേരിയിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടിയത്. കോൺഗ്രസിലെ കെ.പി. അബ്​ദുൽ സത്താർ 65 വോട്ടുകൾക്ക് സി.പി.ഐയിലെ പി.കെ. സതീശനെ തോൽപിച്ചു. ഏരുവേശി പഞ്ചായത്തിലെ എട്ടാം വാർഡായ ഏരുവേശിയിൽ ചരിത്രത്തിലാദ്യമായി യു.ഡി.എഫ് വിജയം നേടി. കോൺഗ്രസിലെ മധു തൊട്ടിയിൽ നാല് വോട്ടുകൾക്ക് സി.പി.എമ്മിലെ പി.എസ്. രജീഷിനെ അട്ടിമറിച്ചു. എട്ടാം വാർഡ് കൂടാതെ 11ാം വാർഡായ ചെളിമ്പറമ്പും എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഇവിടെ കോൺഗ്രസിലെ ജയശ്രീ ശ്രീധരൻ സി.പി.എമ്മിലെ സോണിയ ഷാജിയെ 13 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പയ്യാവൂരിൽ യു.ഡി.എഫി​ൻെറ ഉറച്ച കോട്ടകളായ കാഞ്ഞിരക്കൊല്ലി, വെമ്പുവ, പയ്യാവൂർ, കുഞ്ഞിപ്പറമ്പ് വാർഡുകളിൽ അട്ടിമറി ജയം നേടിയാണ് എൽ.ഡി.എഫ് 22 വർഷങ്ങൾക്കുശേഷം പഞ്ചായത്ത് ഭരണം നേടിയത്. കാഞ്ഞിരക്കൊല്ലിയിൽ സി.പി.എമ്മിലെ സയന അരുൺ 136 വോട്ടുകൾക്കും കുഞ്ഞി പറമ്പിൽ കെ. മോഹനൻ 236 വോട്ടുകൾക്കും പയ്യാവൂരിൽ സി.പി.എമ്മിലെ രജനി സുന്ദരൻ 44 വോട്ടുകൾക്കും വെമ്പുവയിൽ ഇടത് സ്വതന്ത്രൻ രൂപേഷ് ഇടക്കളത്ത് 46 വോട്ടുകൾക്കുമാണ്​ അട്ടിമറി വിജയം നേടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.